തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇൻഫര്‍മേഷൻ കേരള മിഷൻ സോഫ്റ്റ് വെയര്‍ തയാറാക്കി വരികയാണെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ഫ്രീഡം ഫെസ്റ്റിവലിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണത്തിലുടെ അധികാരവും ആസൂത്രണവും പ്രാദേശിക തലങ്ങളിലേക്ക് വികേന്ദ്രീകരിച്ച് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. ഇതേ രീതിയില്‍ ഉത്പാദന സംരംഭങ്ങള്‍ വികേന്ദ്രീകരിച്ച് പ്രാദേശിക സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ഇതിനായി വ്യവസായ വകുപ്പുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണുകളുടെ സേവനം ലഭ്യമാക്കി. ഇതിലൂടെ ചെറുകിട സംരഭങ്ങളും തൊഴിലവസരങ്ങളും വര്‍ധിച്ചു.
മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുള്ളത് വൈജ്ഞാനികമായ അന്വേഷണങ്ങളാണ്. കൂടുതല്‍ നീതിയുക്തവും സമത്വാധിഷ്ഠിതവുമായ സാമൂഹിക ക്രമത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍ വിജ്ഞാനത്തിന്റെ വളര്‍ച്ചയെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് വിജ്ഞാനം തന്നെ മൂലധനമായി മാറുകയും സമ്ബത്തുല്പാദനത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്ന കാലമാണ്. ഈ സാധ്യതകള്‍ ഉപയാഗപ്പെടുത്തി കേരളത്തെ ഒരു വിജ്ഞാന സമ്ബദ് വ്യവസ്ഥയും വിജ്ഞാന സമൂഹവുമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വിജ്ഞാനത്തിന്റെ പൂര്‍ണമായ ജനാധിപത്യവല്‍ക്കരണമാണ് ഇതിനുള്ള മാര്‍ഗമെന്നും മന്ത്രി പറഞ്ഞു. കൈറ്റ് സിഇ ഒ അൻവര്‍ സാദത്ത് സ്വാഗതവും ഡി.എ. കെ.എഫ്. ജനറല്‍ സെക്രട്ടറി ടി.ഗോപകുമാര്‍ നന്ദിയും പറഞ്ഞു