കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകള്‍ സംഘടിപ്പിക്കും: മന്ത്രി പി.രാജീവ്

കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകള്‍ സംഘടിപ്പിക്കും: മന്ത്രി പി.രാജീവ്
alternatetext

കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകള്‍ സംഘടിപ്പിക്കുമെന്ന് വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഓണക്കാലത്ത് കയര്‍ഫെഡ് സംഘടിപ്പിക്കുന്ന മിന്നും പൊന്നോണം സ്വര്‍ണ സമ്മാന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. കയര്‍ഫെഡിന്റെ നിലവിലുള്ള ഷോറൂമുകള്‍ക്കും ഏജൻസികള്‍ക്കും പുറമേ സംസ്ഥാനത്തൊട്ടാകെ താത്കാലിക ഓണക്കാല വിപണനശാലകള്‍ തുടങ്ങുമെന്നു മന്ത്രി പറഞ്ഞു.

ഓണം വിപണനശാലകളില്‍ നിന്ന് 50 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ കയര്‍ ഉത്പന്നങ്ങള്‍ വാങ്ങാം. പുത്തൻ കാലഘട്ടത്തില്‍ പുതിയ രൂപത്തില്‍, ഉത്പാദന ക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുമാത്രമേ പരമ്ബരാഗത വ്യവസായങ്ങള്‍ക്കും മുന്നോട്ടു പോകാൻ കഴിയൂ. ഈ ലക്ഷ്യത്തിലേക്കാണ് കയര്‍ വകുപ്പ് മുന്നേറുന്നത്. പരമ്ബരാഗത വ്യവസായ തൊഴിലാളികളെ സംരക്ഷിച്ചും യന്ത്രവല്‍ക്കരണത്തിലൂടെ കമ്ബോളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള കയറും കയര്‍ ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ചും ഈ വ്യവസായം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുവാനാണ് സര്‍ക്കാരും കയര്‍ഫെഡും പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കയര്‍ഫെഡിന്റെ നൂതനവും വൈവിധ്യവുമാര്‍ന്ന ഉല്‍പന്നങ്ങളായ റബറൈസ്ഡ് കയര്‍ മെത്തകള്‍, കയര്‍ മാറ്റുകള്‍, മാറ്റിംഗ്‌സുകള്‍, പി.വി.സി ടഫ്റ്റഡ് മാറ്റുകള്‍, റബ്ബര്‍ ബാക്ക്ഡ് ഡോര്‍ മാറ്റുകള്‍, കയര്‍ ടൈലുകള്‍, വിവിധ ഡിസൈനിലും വര്‍ണ്ണത്തിലും അളവിലുമുള്ള കയര്‍ ചവിട്ടികള്‍, കയര്‍ഫെഡ് കൊക്കോഫെര്‍ട്ട് ജൈവവളം, പ്രകൃതിസൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് തുടങ്ങി നിരവധിയായ ഉത്പന്നങ്ങള്‍ ഓണക്കാലത്ത് ഓഫറില്‍ വാങ്ങാം.

കയര്‍ഫെഡിന്റെ ബ്രാന്റഡ് ഉത്പന്നമായ കയര്‍ഫെഡ് മെത്തകള്‍ക്ക് 50 ശതമാനം വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത മെത്തകള്‍ ഒരെണ്ണം വാങ്ങുമ്ബോള്‍ ഒരെണ്ണം തികച്ചും സൗജന്യം എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കയര്‍ഫെഡ് ഷോറൂം, പ്രദര്‍ശനശാലകള്‍, ഏജൻസികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓണം വിപണന പദ്ധതി പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മിന്നും പൊന്നാണം പദ്ധതിപ്രകാരം നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണ സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂപ്പണ്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാശാലിക്ക് സമ്മാനങ്ങള്‍ ലഭിക്കും. ഒന്നാം സമ്മാനം-3 പവൻ സ്വര്‍ണ്ണം, രണ്ടാം സമ്മാനം-2 പവൻ സ്വര്‍ണ്ണം, മൂന്നാം സമ്മാനം-1 പവൻ സ്വര്‍ണ്ണം എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. കൂടാതെ 50 പേര്‍ക്ക് 1 ഗ്രാം വീതം സമാശ്വാസ സമ്മാനങ്ങളും നല്‍കും.

സര്‍ക്കാര്‍, പൊതുമേഖല, കയര്‍ മേഖല, മറ്റ് പൊതുമേഖലാ മേഖല സ്ഥാപനം, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍. മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 38 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടില്‍ അതത് ഷോറൂമുകളില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി എത്തിച്ച്‌ നല്‍കും.

കയര്‍ഫെഡ് പുതുതായി വിപണിയില്‍ ഇറക്കുന്ന കയര്‍ഫെഡ് ലൈഫ് മാട്രസ് രണ്ട് വ്യത്യസ്ത ഓഫറില്‍ ഓണക്കാലത്ത് ലഭിക്കും.6800 രൂപ വിലയുള്ള ഡബിള്‍കോട്ട് മെത്ത വാങ്ങുമ്ബോള്‍ അതേ അളവിലുള്ള ഡബിള്‍ കോട്ട് മെത്ത സൗജന്യമായി ലഭിക്കുന്ന ഓഫറും ഇതേ വിലയുള്ള മെത്ത വാങ്ങുമ്ബോള്‍ എം.ആര്‍.പി വിലയില്‍ നിന്നും 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കി 3400 രൂപ നിരക്കില്‍ വാങ്ങാൻ കഴിയും.

തിരുവനന്തപുരത്ത് റെഡിഡൻസി ടവറില്‍ നടന്ന ചടങ്ങില്‍ കയര്‍ഫെഡ് പ്രസിഡന്റ് ടി.കെ. ദിവാകരണ്‍, കയര്‍ വകുപ്പ് ഡയറക്ടര്‍ വി.ആര്‍. വിനോദ് തുടങ്ങിയവരും പങ്കെടുത്തു.