പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടായേക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടായേക്കും
alternatetext

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടായേക്കും.ഇന്ന് മുതല്‍ നാല് ദിവസം നീണ്ട് നില്‍കുന്ന നേതൃയോഗങ്ങളില്‍ കേന്ദ്രകമ്മിറ്റി യോഗം റിപ്പോര്‍ട്ടിങ്ങാണ് പ്രധാന അജണ്ടയെങ്കിലും പുതുപ്പള്ളി സ്ഥാനാര്‍ഥിയുടെ കാര്യം ഇന്ന് തന്നെ തീരുമാനിച്ചേക്കും.ജെയ്ക്ക് സി തോമസ്, റജി സഖറിയ, സുഭാഷ് പി വര്‍ഗീസ് എന്നിവരുടെ പേരുകള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

രണ്ട് ദിവസം സംസ്ഥാനസെക്രട്ടറിയേറ്റും രണ്ട് ദിവസം സംസ്ഥാനകമ്മിറ്റി യോഗവുമാണ് നടക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ് ആണ് പ്രധാന അജണ്ട. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി.പി.എം തീരുമാനം വൈകിയേക്കില്ല.ഇന്നത്തെ സെക്രട്ടറിയേറ്റില്‍ തന്നെ തീരുമാനമുണ്ടായേക്കും. ഒദ്യോഗിക പ്രഖ്യാപനം ചിലപ്പോള്‍ മറ്റെന്നാള്‍ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളു. ജെയ്കിനെ തന്നെ മത്സരിപ്പിക്കണമെന്ന അഭിപ്രായം കോട്ടയം ജില്ലാ കമ്മിറ്റിക്കുണ്ട്. ജെയ്ക്ക് താത്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ജെയ്ക് മത്സരിക്കണമെന്ന് താത്പര്യമുണ്ടെന്നാണ് വിവരം. നേതൃത്വം തീരുമാനമെടുത്താല്‍ ജെയ്ക് എതിരഭിപ്രായം പറയില്ല.

ജെയ്ക്കിന് പുറമെ മറ്റ് ചിലരേയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം രാധാകൃഷ്ണൻ, റെജി സഖറിയ,പുതുപ്പള്ളി ഏരിയസെക്രട്ടറി സുഭാഷ് പി വര്‍ഗീസ് എന്നിവരുടെ പേരും ചര്‍ച്ചയിലുള്ളത്.അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുടെ കാര്യവും തള്ളിക്കളയണ്ട.എന്നാല്‍ രാഷ്ട്രീയ പോരാട്ടം നടക്കുമ്ബോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരം നടക്കണമെന്ന അഭിപ്രായം ചില നേതാക്കള്‍ക്കുണ്ട്. മാസപ്പടി വിവാദം അടക്കമുള്ള കാര്യങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും.