തിരുവല്ല : ജവാൻ മദ്യ നിര്‍മിക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴ് ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിലേക്ക് മദ്യനിര്‍മ്മാണത്തിനായി മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചുവില്‍ക്കാൻ സഹായിച്ച രാമേശ്വര്‍ കൈലാസ് ഗെയ്ക്ക്വാദ് (32)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര ഷിര്‍പൂര്‍ പല്ലാസര്‍ സ്വദേശിയായ ഇയാളെ സംസ്ഥാനത്തെ സാഗ്വിയില്‍ നിന്നും പിടികൂടിയത്. കേസിലെ എട്ടാം പ്രതിയായ ഇയാളെ ഇന്ന് ഉച്ചയോടെ തിരുവല്ലയിലെത്തിച്ചു. ജവാൻ മദ്യം നിര്‍മ്മിക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് 2021ജൂണ്‍ 30ന് മറിച്ചുവിറ്റതായാണ് എക്സൈസ് കണ്ടെത്തല്‍. മദ്ധ്യപ്രദേശിലെ ബറുവയില്‍ നിന്നും ട്രാവൻകൂര്‍ ഷുഗേഴ്സിലേക്ക് രണ്ട് ടാങ്കുകളിലായി എത്തിച്ച സ്പിരിറ്റില്‍ 20,386 ലിറ്ററാണ് കാണാതായത്.
ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സ് ജനറല്‍മാനേജര്‍ അലക്സ് പി.എബ്രഹാം, ടാങ്കര്‍ ഡ്രൈവര്‍മാരായ തൃശൂര്‍ പാട്ടുകോന്നാട്ട് നന്ദകുമാര്‍, ഇടുക്കി അറക്കുളം കാവുംപടി വട്ടക്കുന്നേല്‍ സിജോ തോമസ്, കമ്ബനി ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ പാണ്ടനാട് മണിവീണയില്‍ അരുണ്‍കുമാര്‍, പേഴ്സണല്‍ മാനേജര്‍ പി.യു.ഹാഷിം, പ്രൊഡക്ഷൻ മാനേജര്‍ മേഘ മുരളി, മദ്ധ്യപ്രദേശ് സ്വദേശി സതീഷ് ബാലചന്ദ് വാനി തുടങ്ങിയവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
12 ലക്ഷം രൂപയ്ക്ക് സ്പിരിറ്റ് മറിച്ചുവിറ്റതായി സതീഷ് ബാലചന്ദ് വാനി പോലീസിനോട് പറഞ്ഞിരുന്നു. ഇതില്‍ 10.28ലക്ഷം സ്പിരിറ്റ് ടാങ്കര്‍ ഡ്രൈവര്‍മാരില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. പത്ത് ദിവസത്തോളം പോലീസ് മഹാരാഷ്ട്രയില്‍ ക്യാമ്ബ് ചെയ്താണ് പ്രതിയെ പിടികൂടിയത്.