കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിയെ ലോക്സഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.

കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിയെ ലോക്സഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.
alternatetext

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിയെ ലോക്സഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരായ പരാമര്‍ശങ്ങളിന്മേലാണ് അധിര്‍ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തത്. ഇത് ആദ്യമായാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് ലോക്സഭയില്‍ നിന്നും സസ്പെൻഡ് ചെയ്യപ്പെടുന്നത്.

മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയ അവസരത്തില്‍ അധീര്‍ രഞ്ജൻ ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് ഇടയാക്കിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പറഞ്ഞ ചൗധരി, മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആദ്യം തന്നെ ഓര്‍മ്മപ്പെടുത്തി. രാജാവ് അന്ധനാണെന്ന് പറഞ്ഞ അദ്ദേഹം, ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടതും ലോക്സഭയില്‍ പരാമര്‍ശിച്ചു. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്ന് ചൗധരി പറഞ്ഞതോടെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച അധിര്‍ ര‌ഞ്ജൻ ചൗധരി, ഹസ്തിനപുരം ആണെങ്കിലും മണിപ്പൂര്‍ ആണെങ്കിലും ഒരു വ്യത്യാസവുമില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

ഇതോടെ സഭയില്‍ എഴുന്നേറ്റ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ പ്രധാനമന്തിയെ കുറിച്ച്‌ മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേര്‍ന്നതല്ലെന്നും വിമര്‍ശിച്ചു. മോദിക്കില്ലാത്ത ദേഷ്യം അമിത് ഷായ്ക്ക് എന്തിനാണെന്നായിരുന്നു ചൗധരിയുടെ മറു ചോദ്യം. ശേഷം നീരവ് മോദിയെ പരാമര്‍ശിച്ചായിരുന്നു ചൗധരിയുടെ വിമര്‍ശനം. കോടികള്‍ കവര്‍ന്ന നീരവ് മോദി കടന്നു കളഞ്ഞുവെന്നാണ് കരുതിയത്.

എന്നാല്‍ മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ നീരവ് മോദി ഇന്ത്യയില്‍ ഉണ്ടെന്ന് മനസ്സിലായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നരേന്ദ്രമോദി, നീരവ് മോദിയായി മിണ്ടാതിരിക്കുന്നുവെന്ന വിമര്‍ശനമാണ് ചൗധരി മുന്നോട്ടുവച്ചത്. ഇതോടെ ഭരണ പ്രതിപക്ഷ ബഹളം സഭയില്‍ ശക്തമായി.