താനൂരിലെ കസ്റ്റഡി മരണം:കേസ് സിബിഐയ്ക്ക് വിട്ടു

താനൂരിലെ കസ്റ്റഡി മരണം:കേസ് സിബിഐയ്ക്ക് വിട്ടു
alternatetext

തിരുവനന്തപുരം∙ താനൂരിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസ് സിബിഐയ്ക്ക് വിട്ടു. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. ലഹരിക്കേസിൽ താനൂർ പൊലീസ് പിടികൂടിയ 5 പേരിലൊരാളായ മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മരിച്ചത്.

അമിതമായി ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെത്തുടർന്നാണ് താമിറിന്റെ മരണം എന്നാണ് ഇതു സംബന്ധിച്ച് താനൂർ പൊലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പറയുന്നത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൊലീസ് മർദനം സംബന്ധിച്ച സൂചനകൾ ലഭിച്ചു. സംഭവത്തിൽ താനൂർ സ്റ്റേഷനിലെ എസ്ഐ അടക്കം 8 പൊലീസുകാർ സസ്പെൻഷനിലാണ്.

താമിറിന്റെ ശരീരത്തിൽ 21 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് ഫൊറൻസിക് വിഭാഗത്തിൽനിന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ, സബ് ഡിവിഷനൽ മജിസ്ട്രേട്ട്, പൊലീസ്, അന്വേഷണ സംഘം എന്നിവർക്ക് അയച്ചിട്ടുണ്ട്.