പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്
alternatetext

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കെപിസിസി അധ്യക്ഷൻ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ചാണ്ടിയുമായി സംസാരിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാൻ തയ്യാറെടുക്കുകയാണ് സിപിഎം. 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഉപതിരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏല്‍പ്പിച്ചു.

അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ളത്. എൻ ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലുള്ളത്. ജോര്‍ജ് കുര്യൻ, ലിജിൻ ലാല്‍ തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയെന്ന വൈകാരികതയുണ്ട്, ഉപതെരഞ്ഞെടുപ്പ് സാഹചര്യവുമാണ്, എങ്കിലും പുതുപ്പള്ളി അങ്ങനെ എഴുതിത്തള്ളാവുന്ന മണ്ഡലമാണെന്ന് സിപിഎം കണക്കുകൂട്ടുന്നില്ല.

പാര്‍ട്ടി സംഘടനാ സംവിധാനവും സര്‍ക്കാര്‍ മെഷിനറിയും പൂര്‍ണ്ണമായും ഇനി പുതുപ്പള്ളി കേന്ദ്രീകരിക്കുകയാണ്. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസ് ആദ്യ പരിഗണനകളില്‍ തന്നെയുണ്ട്, മുൻപ് പുതുപ്പള്ളിയില്‍ മത്സരിച്ച റജി സഖറിയയുടെ പേരുണ്ട്. ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ പേരിലേക്ക് കാര്യങ്ങളിതുവരെ എത്തിയിട്ടില്ല. പതിനൊന്ന് മുതല്‍ നാല് ദിവസം സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും