നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
alternatetext

നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര ചിന്തയും സഹജാവബോധവും പൗരബോധവും വളർത്തപ്പെടുന്നതും ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുന്നതുമായ ഇടമായാണു നവകേരളത്തെ സർക്കാർ വിഭാവനം ചെയ്യുന്നതെന്നും ആ നവകേരളം യാഥാർഥ്യമാക്കുന്നതിൽ വരുംതലമുറയ്ക്കു സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രീയവും ക്രിയാത്മകവും ഭാവനാത്മകവുമായി ചിന്തിക്കുന്ന തലമുറയായി വളരാൻ കഴിയണമെന്നു സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളോടു മുഖ്യമന്ത്രി പറഞ്ഞു. ‘നാം നേരിടുന്ന വെല്ലുവിളികളെ നാം തിരികെ വെല്ലുവിളിക്കുക’ എന്ന പ്രമേയത്തിലൂന്നിയാണു പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ, മൊബൈൽ അഡിക്ഷനും ദുരുപയോഗവും, ലഹരി ആസക്തി തുടങ്ങിയവയെ ചെറുത്തുതോൽപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങൾ നാടിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന്റെ ചുവടുവയ്പ്പായി കാണണം.

സാഹോദര്യവും ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടും ഉയർന്നു നിലനിൽക്കുന്നതാണു കേരള സമൂഹത്തിന്റെ പ്രധാന പ്രത്യേകത. ഇവയെ നിയമാവബോധവുമായി കൂട്ടിയിണക്കി കുട്ടികളിലേക്കു പകർന്നുനൽകുകയെന്നതാണു സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അതു സഫലമായി എന്നതാണു പദ്ധതിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളം നടപ്പാക്കുന്ന പദ്ധതികളെപ്പോലെ, രാജ്യത്തിനാകെ മാതൃകയായി മറ്റു സംസ്ഥാനങ്ങൾ അംഗീകരിക്കുന്ന ഒരു പദ്ധതിയായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി മാറിയിരിക്കുന്നു.

2010ൽ ആരംഭിച്ച പദ്ധതിക്കു കീഴിൽ ഇപ്പോൾ സംസ്ഥാനത്തെ 998 സ്‌കൂളുകളിലായി ഒരു ലക്ഷത്തോളം കേഡറ്റുകളും രണ്ടായിരത്തിലധികം അധ്യാപകരും മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും രണ്ടു ലക്ഷത്തോളം പൂർവ കേഡറ്റുകളുമുണ്ട്. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ മോട്ടോർ വാഹനം, തദ്ദേശ സ്വയംഭരണം, വനം, ഫയർ ആൻഡ് റെസ്‌ക്യൂ, കായിക യുവജനക്ഷേമ വകുപ്പുകൾ സഹകരിക്കുന്നുണ്ടന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.