സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു
alternatetext

മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനുശ്വര സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദീഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും ചൊവ്വാഴ്ച രാത്രി ഒൻപതോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

ബുധനാഴ്ച രാവിലെ 9 മുതൽ 11.30 വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് സിദ്ദിഖ്. എന്നെന്നും പ്രേക്ഷകര്‍ കണ്ട് ചിരിച്ചാസ്വദിച്ച, കാലഘട്ടങ്ങളെ അസ്ഥാനത്താക്കി ഇന്നും ആസ്വാദനതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു സിദ്ദിഖ്. എറണാകുളം ജില്ലയില്‍ കലൂരില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1956 മാര്‍ച്ച്‌ 25നാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോള്‍സ് കോളജ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

പഠനകാലത്ത് തന്നെ മിമിക്രി വേദികളിലേക്ക് ചുവടുറപ്പിച്ച സിദ്ദിഖ് അവിടെ നിന്നുമാണ് സിനിമ എന്ന കലയിലേക്ക് എത്തിയത്. 1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവര്‍ മക്കളാണ്.

1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദീഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദീഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദീഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദീഖ് സംവിധാന രംഗത്തുതന്നെ തുടർന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദീഖ് അണിഞ്ഞിരുന്നു.  ‘റാംജി റാവു ആദ്യം എഴുതിയത് മോഹന്‍ലാലിനും ശ്രീനിവാസനും വേണ്ടി’ റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍.

നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദീഖ് അണിഞ്ഞു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.  കൊച്ചിയില്‍ മിമിക്രി വേദികളില്‍ സജീവമായിരുന്ന സിദ്ദീഖ് കലാഭവനിലും ഹരീശ്രീയിലും അംഗമായിരുന്നു. ഇതിനിടെ അന്‍സാര്‍ എന്ന സുഹൃത്താണ് ഫാസിലിന്റെ അടുത്തെത്തിച്ചത്. ഫാസിലിന്റെ സഹായികളായി ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ലാലിനൊപ്പമാണ് റാംജിറാവു സ്പീക്കിങ് ആലോചിച്ചതും വെള്ളിത്തിരയിലെത്തിച്ചു ചരിത്രമാക്കിയതും.

സൗഹൃദങ്ങളുടെ കഥകളെ ചിരിയില്‍ പൊതിഞ്ഞെടുത്ത സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് 1994ല്‍ കാബൂളിവാലയോടെയാണ് അവസാനിച്ചത്. സിദ്ദീഖും ലാലും ഒരുമിച്ചു ചെയ്‌ത പ്രശസ്ത സിനിമകൾ റാംജിറാവ് സ്‌പീക്കിങ് ഇൻ ഹരിഹർ നഗർ ഗോഡ് ഫാദർ വിയറ്റ്‌നാം കോളനി കാബൂളിവാല. ലാൽ നിർമിച്ച് സിദ്ദീഖ് സംവിധാനം ചെയ്‌ത സിനിമകൾ ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്.