തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (ബി) എംഎല്‍എ കെബി ഗണേഷ് കുമാര്‍. ഇതില്‍ ജനങ്ങള്‍ എന്തുസുരക്ഷ നല്‍കുമെന്ന് മന്ത്രി പറയണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും വലിയ ശിക്ഷയാണ് കിട്ടുക. ഈ ബില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രൊട്ടക്ഷന്‍ കൊടുക്കും. ഇതുകൊണ്ട് രോഗിക്കും ജനത്തിനും എന്ത് സംരക്ഷണം ഉണ്ടാകുമെന്ന് മന്ത്രി പറയണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് പഴ്‌സന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഭേദഗതി ബില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. നേരത്തെ ആശുപത്രി കോമ്ബൗണ്ടിനുള്ളില്‍ ഡോക്ടര്‍മാര്‍, നഴ്‌സസ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നഴ്‌സസ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരാണ് ഉള്‍പ്പെട്ടതെങ്കില്‍ ഭേദഗതിയില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സെക്യൂരിറ്റി ഗാര്‍ഡ്, മാനേജീരിയല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍ മറ്റുള്ളവരെയും ഉള്‍പ്പെടുന്നതായി മന്ത്രി പറഞ്ഞു.
ആക്രമത്തെ നടത്തുന്നവര്‍ക്ക് മിനിമം പിഴയും ശിക്ഷയും ഉറപ്പുവരുത്തണം. അന്വേഷണം സത്വരം പൂര്‍ത്തിയാക്കണം. ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കണം. അറുപത് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടേതായാലും പൊതുജനങ്ങളുടെതായാലും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഓരോ ജീവനും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി