മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭ ഇന്നും നാളെയും ചര്‍ച്ച ചെയ്യും. 12 മണിക്കാണ് ചര്‍ച്ചയ്ക്ക് തുടക്കമാകുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ അതിരൂക്ഷ വിമര്‍ശനമാകും പ്രതിപക്ഷം ഉയര്‍ത്തുക.
കോണ്‍ഗ്രസ് ഭരണകാലത്ത് മണിപ്പൂരിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാകും ഭരണ പക്ഷത്തിന്റെ പ്രതിരോധം. അവിശ്വാസം കൊണ്ടുവന്ന ഗൗരവ് ഗോഗോയ് കഴിഞ്ഞാല്‍ പ്രതിപക്ഷ നിരയില്‍ നിന്ന് സംസാരിക്കുക രാഹുല്‍ ഗാന്ധിയാകും.
അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള അംഗബലം സര്‍ക്കാരിനുണ്ട്. പ്രമേയത്തിലുടെ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ തുടരുന്ന മൗനം അവസാനിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കുന്നുണ്ട്. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയെന്ന ആവശ്യമാണ് ‘ഇന്ത്യ’ കൂട്ടായ്മ ഒന്നാം ദിവസം മുതല്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ ഹ്രസ്വചര്‍ച്ചയാവാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റൂ എന്ന നിലപാടും പ്രതിപക്ഷം സ്വീകരിച്ചിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി സഭയില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയത്തിലേക്ക് പ്രതിപക്ഷം കടന്നത്.