വിശ്വാസവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മപ്പെടുത്തി സ്പീക്കർ എ.എൻ.ഷംസീർ ഗണപതിയെ നിന്ദിച്ചു എന്ന ആരോപണം വൻവിവാദമായി മാറിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഓർമപ്പെടുത്തൽ. . ശാസ്ത്രബോധവും വിശ്വാസവുമായി ബന്ധപ്പെട്ടാണല്ലോ ചില സംവാദങ്ങൾ നടക്കുന്നത്. ശാസ്ത്രബോധത്തെ ഉയർത്തിക്കാട്ടണം എന്നുള്ളതുകൊണ്ട് വിശ്വാസത്തെ പോറലേൽപിക്കണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടി കാട്ടി
ഏതുകാര്യം പറയുമ്പോഴും അത് ഇടതുപക്ഷത്തിന് ദോഷമാകില്ലെന്നു പ്രത്യേകം ശ്രദ്ധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഒരു വിഭാഗം വിശ്വാസികൾക്കായി മാത്രം സംഘപരിവാർ നിലകൊള്ളുമ്പോൾ എല്ലാ വിശ്വാസികളെയും സംരക്ഷിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ നയം. ഈ യോഗത്തിൽ പങ്കെടുക്കുന്നവരിൽ തന്നെ ധാരാളം വിശ്വാസികളുണ്ട്. സമൂഹത്തിൽ ഭൂരിഭാഗവും വിശ്വാസികളാണ്. എല്ലാ തരത്തിലുമുള്ള വിശ്വാസങ്ങളെയും ബഹുമാനിക്കാൻ നാം ബാധ്യസ്ഥരാണ്. മുഖ്യമന്ത്രി പറഞ്ഞത് വേദിയിലുള്ള കക്ഷിനേതാക്കൾക്കെല്ലാം ബോധ്യമായെന്നും സദസ്സിലെ ആർക്കെങ്കിലും ബോധ്യമാകാനുണ്ടോ എന്നും അധ്യക്ഷത വഹിച്ച സിപിഐ നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ യോഗത്തിൽ ചോദിച്ചു.