തിരുവനന്തപുരം: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അഴിമതി അന്വേഷിക്കാനുള്ള തന്‍റെ നിരവധി പെറ്റിഷനുകളില്‍ തീരുമാനമെടുക്കാതെ അതിന്‍റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റീസ് മണികുമാറെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
സ്പിംഗ്ളര്‍, ബ്രൂവറി, പമ്ബാ മണല്‍ക്കടത്ത്, ബെവ്കോ ആപ്പ് തുടങ്ങിവയിലെല്ലാം തീരുമാനമെടക്കാതെ സര്‍ക്കാരിനെ സഹായിച്ചയാളാണ് അദ്ദേഹം. അന്നെല്ലാം സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തയാളിനെ തന്നെ സുപ്രധാന പദവിയില്‍ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. . ഇത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇദ്ദേഹത്തിന്‍റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു