പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവിനെ രണ്ടു ദിവസത്തിനു ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവിനെ രണ്ടു ദിവസത്തിനു ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
alternatetext

വെഞ്ഞാറമൂട്: കുടുംബവഴക്കിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവിനെ രണ്ടു ദിവസത്തിനു ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറയ്ക്കല്‍ പൂതളാംകുഴി അഭിനന്ദനത്തില്‍ അജിത് കുമാറി(46)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ അജിത്തും മകനുമായി വഴക്കുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് എത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്ന് ആദ്യം മകനെയും രാത്രി ഏഴു മണിയോടെ അജിത്തിനെയും വിട്ടയക്കുകയായിരുന്നു.പോലീസ് മര്‍ദിച്ചെന്ന് വീട്ടിലെത്തിയ ശേഷം അജിത് സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു.അവശനായ ഇയാള്‍ അടുത്ത ദിവസം കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് അജിത്തിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് മര്‍ദനത്തെത്തുടര്‍ന്നാണ് മകൻ ആത്മഹത്യചെയ്തതെന്നും ഉന്നതോദ്യോഗസ്ഥര്‍ക്കു പരാതിനല്‍കുമെന്നും അജിത്തിന്റെ അച്ഛൻ ഗോപിനാഥൻ നായര്‍ പറഞ്ഞു.

അതേസമയം, വഴക്കുണ്ടായതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ തങ്ങള്‍ വീട്ടില്‍നിന്നു മാറിനില്‍ക്കാൻ അജിത് കുമാറിനോടു നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും വെഞ്ഞാറമൂട് എസ്.എച്ച്‌.ഒ. അനൂപ് കൃഷ്ണ പറഞ്ഞു.