ഫ്രീഡം ഫെസ്റ്റ് 2023: സ്‌കൂളുകളിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

ഫ്രീഡം ഫെസ്റ്റ് 2023: സ്‌കൂളുകളിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
alternatetext

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ 12 വരെ സ്‌കൂളുകളിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കും. ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടൊപ്പം സ്വാതന്ത്ര ഹാർഡ്‌വെയറും പരിചയപ്പെടുത്തുന്ന ‘ഐടി കോർണർ’  സ്‌കൂളുകളിൽ സംഘടിപ്പിക്കും.

എല്ലാ സ്‌കൂളുകളിലേക്കും കൈറ്റ് നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആർഡിനോ, ഹയർസെക്കന്ററിയിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്താനുള്ള എക്‌സ്‌പൈസ് തുടങ്ങിയ ഓപ്പൺ ഹാർഡ്‌വെയറുകൾ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ ഐടി കോർണറുകളിലൂടെ മുഴുവൻ കുട്ടികൾക്കും ഈ ദിവസങ്ങളിൽ പരിചയപ്പെടുത്തും.

  ഫ്രീഡം ഫെസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ തയാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരവും നടക്കും. ഓരോ സ്‌കുളിൽ നിന്നും മികച്ച അഞ്ച് സൃഷ്ടികൾ ‘സ്‌കൂൾ വിക്കി’യിൽ (Schoolwiki.in) അപ്‌ലോഡ് ചെയ്യും. ഓഗസ്റ്റ് 9-ന് സ്‌കൂൾ അസംബ്ലികളിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വായിക്കും. പൊതുജനങ്ങൾക്ക് സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകുന്ന ‘ ഇൻസ്റ്റാൾ ഫെസ്റ്റ് ‘ പോലുള്ള അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

  അധ്യയന സമയം നഷ്ടപ്പെടുത്താതെ വേണം പരിപാടികൾ സംഘടിപ്പിക്കേണ്ടത്. വിശദാംശങ്ങളടങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ kite.kerala.gov.in ൽ ലഭ്യമാണ്