തിരുവനന്തപുരം: ഇനി മുതല്‍ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ആന്‍റണി രാജു പറഞ്ഞു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നല്‍കൂ. ഇതിനായി ഇൻഷുറൻസ് കമ്ബനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൂലൈയില്‍ ഇ-ചലാനിലൂടെ 25.81 കോടി രൂപയുടെ പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയത്. എന്നാല്‍, 3.34 കോടി പിഴയാണ് അടച്ചിട്ടുള്ളത്.
ബാക്കി അടച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈയില്‍ 2,55,728 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജൂണിലേക്കാള്‍ കൂടുതലാണിത്. എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു.
ഒരു മാസത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയതിന് എം.പിമാരുടെ 10 വാഹനങ്ങള്‍ക്കും എം.എല്‍.എമാരുടെ 19 വാഹനങ്ങള്‍ക്കും പിഴയീടാക്കി. ഒരേ ജനപ്രതിനിധിയുടെ വാഹനം തന്നെ അഞ്ചും ആറും പ്രാവശ്യം നിയമലംഘനം നടത്തിയിട്ടുണ്ട്. ജനപ്രതിനിധി ഉള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ നിയമലംഘനമെന്ന് അറിയില്ല. വി.ഐ.പികളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.