ഗണപതി ഭഗവാനെ അവഹേളിച്ചതിൽ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്‍റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണ് സിപിഎം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ വിശദീകരണവും ചർച്ചകളും ഹൈന്ദവവിശ്വാസത്തിൽ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ മതത്തിന്‍റെ കാര്യം വരുമ്പോൾ നിലപാട് മറിച്ചാണ്. സയന്‍റിഫിക് ടെംപർ ഒരു മതത്തിൽ മാത്രം പോരെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
‘ വിനായകാഷ്ടകം’ എഴുതിയ ശ്രീനാരായണഗുരുദേവൻ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന അഭിപ്രായം സിപിഎമ്മിനുണ്ടോ എന്നും വി.മുരളീധരൻ ചോദിച്ചു. എൻഎസ്എസ്, എസ്എൻഡിപി സംഘടനകൾ അമർഷം പ്രകടിപ്പിച്ചിട്ടും സിപിഎം മുഖവിലക്കെടുത്തില്ല. തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് പറയണം. ഈ സ്പീക്കറുടെ കീഴിൽ നിയമസഭാ സമ്മേളനത്തിന് കോൺഗ്രസ് സഹകരിക്കുമോ എന്നും വി.മുരളീധരൻ ചോദിച്ചു.
ക്ഷേത്രങ്ങളെ ആർഎസ്എസ് ആയുധശാലകളാക്കുന്നുവെന്ന് കുപ്രചാരണം നടത്തി സംഘത്തെ കടന്നാക്രമിച്ചവർ പോപ്പുലർ ഫ്രണ്ടിന്‍റെ ആയുധസംഭരണശാലയോട് കണ്ണടച്ചു. ഗ്രീൻവാലിയിൽ കേരളം ഭരിച്ചവർ കൈക്കൌണ്ട നിലപാട് നമ്മൾ കണ്ടതാണെന്നും വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.