മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അതിഗൗരവമായ ക്രമസമാധാന തകര്‍ച്ചയെന്ന് സുപ്രീംകോടതി. മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആറുകള്‍ വിരല്‍ചൂണ്ടുന്നത് ഭരണഘടനാ സംവിധാനങ്ങളുടെ സമ്പൂർണമായ തകര്‍ച്ചയിലേക്കാണെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കാൻ മണിപ്പുര്‍ ഡിജിപി ഏഴിന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
കലാപം ആരംഭിച്ച മേയ് മൂന്നു മുതല്‍ മണിപ്പുരില്‍ നിയമ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പരാതിയില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയതായും സാക്ഷികളുടെ മൊഴിയെടുക്കുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായും ചീഫ് ജസ്റ്റീസിന്റെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി..
കലാപത്തെത്തുടര്‍ന്നുള്ള അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ജുഡീഷല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതില്‍ സുപ്രീംകോടതി മണിപ്പുര്‍ സര്‍ക്കാരിന്റെ അഭിഭാഷകൻ തുഷാര്‍ മേത്തയോട് അഭിപ്രായം തേടി. കലാപബാധിതരുടെ പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കുന്നതിനും നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്തുന്നതിനും ഇരകളുടെ മൊഴി രേഖപ്പെടുത്തുന്നതിനും, വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കാമെന്നാണ് കോടതിയുടെ നിര്‍ദേശം.
മണിപ്പുര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 6,500 എഫ്ഐആറുകളില്‍ സിബിഐ അന്വേഷണം പ്രായോഗികമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ 11 ലൈംഗികാതിക്രമ കേസുകള്‍ മാത്രമാണ് ഇപ്പോള്‍ സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിട്ടുള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് എഫ്ഐആറുകള്‍ തരംതിരിക്കണമെന്നുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിന് വെള്ളിയാഴ്ച വരെ സമയം അനുവദിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ അതിജീവിതമാരുടെ മൊഴിയെടുക്കുന്നതില്‍നിന്ന് സിബിഐയെ സുപ്രീംകോടതി താത്കാലികമായി തടഞ്ഞിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിവരെ ചോദ്യം ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.