അടിമാലി: ആൺസുഹൃത്തിനൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന യുവതിയായ വീട്ടമ്മ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. അടിമാലി പൊളിഞ്ഞപ്പാലം സ്വദേശിനി ആറുകണ്ടത്തിൽ ശ്രീദേവി (27) യാണ് മരിച്ചത്. വീട്ടമ്മ തൂങ്ങിമരിച്ചത് അറിഞ്ഞ് ഓടിക്കൂടിയ പരിസരവാസികൾ പോലീസിൽ അറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുമ്പ് ധൃതിയിൽ യുവാവ് മൃതദേഹം താഴെയിറക്കിയതിൽ സംശയം തോന്നിയ അയൽവാസികൾ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസിനോടു പറഞ്ഞു.
തുടർന്ന് യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടിമാലി പോലീസും, ഇടുക്കി ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി വേണ്ട തെളിവുകൾ ശേഖരിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.