ഡിജിറ്റല്‍ സയൻസ് പാര്‍ക്ക് ഒന്നാംഘട്ട പ്രവര്‍ത്തങ്ങളുടെ തുടക്കം ഓഗസ്റ്റ് ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മംഗലപുരത്ത് ടെക്നോപാര്‍ക്ക് ഫേസ് -4ല്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ സയൻസ് പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കബനി ബില്‍ഡിങ്ങിന്റെ രണ്ടാം നിലയില്‍ 13,000 ചതുരശ്ര അടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റല്‍ ലോകത്തെ വളരുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ബിസിനസ് യൂണിറ്റുകള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ ഇൻഡസ്ട്രി 4.0 ടെക്നോളജീസ്, ഇലക്‌ട്രോണിക്സ് ടെക്നോളജീസ് ആൻഡ് സ്മാര്‍ട്ട് ഹാര്‍ഡ്വെയര്‍, സസ്റ്റൈനബിള്‍ ആൻഡ് സ്മാര്‍ട്ട് മെറ്റീരിയല്‍സ് എന്നീ മൂന്നു മേഖലകളില്‍ വ്യവസായത്തിനും ബിസിനസ് യൂണിറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൗകര്യമൊരുക്കും.
ടെക്നോപാര്‍ക്ക് ഫേസ് -4ല്‍ ഡിജിറ്റല്‍ സര്‍വകലാശാലയോടു ചേര്‍ന്നാണു ഡിജിറ്റല്‍ സയൻസ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നത്. 13.95 ഏക്കര്‍ സ്ഥലം ഇതിനായി ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കു കൈമാറാൻ ഭരണാനുമതിയായിട്ടുണ്ട്. 1515 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവു പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി കിഫ്ബി വഴി 200 കോടി രൂപ അനുവദിക്കുന്നതിനു സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 1,50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ടു കെട്ടിടങ്ങളാകും ഡിജിറ്റല്‍ സയൻസ് പാര്‍ക്കില്‍ ആദ്യമുണ്ടാകുക. അഞ്ചു നിലകളുള്ള ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആദ്യ കെട്ടിടത്തില്‍ മികവിന്റെ കേന്ദ്രങ്ങളും ഡിജിറ്റല്‍ ഇൻക്യുബേറ്ററുമുണ്ടാകും. മൂന്നു നിലകളിലായി 50,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ കെട്ടിടത്തില്‍ അഡ്മിനിസ്ട്രേറ്റിവ് യൂണിറ്റുകളും ഡിജിറ്റല്‍ എക്സ്പീരിയൻസ് സെന്ററും ഉണ്ടാകും.
ഒന്നാമത്തെ കെട്ടിടത്തില്‍ പൊതുവായ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറും വിവിധ ബിസിനസ് യൂണിറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കുമായി പൊതുവായ ജോലിസ്ഥലങ്ങളും വ്യക്തിഗത വര്‍ക്ക യൂണിറ്റുകളുമുണ്ടാകും. വിവിധ മികവിന്റെ കേന്ദ്രങ്ങള്‍ക്കു കീഴിലുള്ള പ്രധാന ഗവേഷണ ലാബുകളും ഇവിടെ സ്ഥാപിക്കും.
ടെക്നോപാര്‍ക്ക് ഫേസ് -4ലെ കബനി ബില്‍ഡിങ്ങില്‍ ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്കു 12നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ്, അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, ഐബിഎം ഫെല്ലോ(റിട്ട). സി. മോഹനൻ, ടാറ്റ സ്റ്റീല്‍ മുൻ വൈസ് പ്രസിഡന്റ് കമേഷ് ഗുപ്ത, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലര്‍ ഡോ. സജി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.