സ്പീക്കര്‍ എ. എന്‍ ഷംസീറിന്റ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്‌ സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍

സ്പീക്കര്‍ എ. എന്‍ ഷംസീറിന്റ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്‌ സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍
alternatetext

കണ്ണൂര്‍: ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചുവെന്ന സംഘപരിവാര്‍ സംഘടനകളുടെ രോഷത്തിന് കാരണമായ സ്പീക്കര്‍ എ. എന്‍ ഷംസീറിന്റ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്‌ സി.പി. എംകണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിച്ചുവെന്ന സംഘപരിവാര്‍ ആരോപണത്തിനെതിരെയാണ് പ്രതിരോധവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തിയത്.

കണ്ണൂര്‍ പാറക്കണ്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിന് വിധേയമായ സ്പീക്കര്‍ എ എന്‍ഷംസീറിന്റെ പ്രസംഗം മുഴുവനായും താന്‍ കേട്ടതാണെന്നും വിശ്വാസത്തേയോ മതത്തേയോ വ്രണപ്പെടുത്തുന്ന ഒരു പരമാര്‍ശവും അതിലില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. ശാസ്ത്ര വിരുദ്ധതയേയും വാസ്തവവിരുദ്ധമായ കാര്യങ്ങളെയുമാണ് സ്പീക്കര്‍ തുറന്നുകാണിച്ചതെന്നും ജയരാജന്‍ വ്യക്തമാക്കി.

‘ഷംസീറിനെതിരായ ആക്ഷേപം അടിസ്ഥാനരഹിതമാണ്. ശാസത്രജ്ഞരുടെ യോഗത്തില്‍ പ്രധാമന്ത്രിയാണ് അന്ധവിശ്വാസം പ്രചരിപ്പിക്കും വിധമുള്ള ഒരു പ്രസംഗം നടത്തിയത്. പ്ലാസ്റ്റിക് സര്‍ജറി പണ്ടേയുണ്ടായിരുന്നുവെന്നും, പുഷ്പക വിമാനം ഇന്നത്തെ വിമാനത്തിന്റെ ഭാഗമാണെന്നുമൊക്കെയാണ് അതില്‍ പറയുന്നത്.ഇത് വാസ്തവ വിരുദ്ധമാണെന്ന് പുതിയ കാലത്തിനനുസരിച്ച്‌ പറയുന്നതിന്റെ ഭാഗമായിട്ടാണ് ഷംസീര്‍ സംസാരിച്ചത്.

അല്ലാതെ മതത്തേയോ വിശ്വാസത്തേയോ നിന്ദിക്കുന്ന ഒന്നും ഷംസീറിന്റ പ്രസംഗത്തിലുണ്ടായിട്ടില്ല. ആ പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടതാണ്. ഞങ്ങളും അന്ധവിശ്വാസങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കാറുണ്ട്. ഞാന്‍ തന്നെ പല തവണ പ്രസംഗിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ചാണകം തേച്ച്‌ കുളിച്ചാല്‍ കൊവിഡ് മാറുമെന്ന് ഒരു മന്ത്രി തന്നെ പറഞ്ഞതാണ്. കൊവിഡ് കാരണം ഒരുപാട് ബുദ്ധിമുട്ടിയ ആളാണ് ഞാന്‍. ആശുപത്രിക്ക് ശേഷം വീട്ടിലും രണ്ട് മൂന്ന് മാസം വിശ്രമത്തിലായിരുന്നു. അപ്പോള്‍ ഭാര്യയോട് തമാശയോടെ ഞാന്‍ പറഞ്ഞിട്ടുണ്ട്, എന്നെ ചാണകം തേച്ച്‌ കുളിപ്പിച്ചിരുന്നെങ്കില്‍ ഈ ഗതി വരുമോയെന്ന്. ഇങ്ങനെ പറഞ്ഞതിന് പശു ദൈവമാണ്, ദൈവത്തെ അപമാനിച്ചെന്ന് വ്യാഖ്യാനിച്ചാലോയെന്നും ജയരാജന്‍ പറഞ്ഞു.