മണിപ്പുര്‍ കലാപത്തിലെ വീഴ്ചകളുയര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നല്കിയ അവിശ്വാസപ്രമേയത്തിന് ലോക്സഭയില്‍ അനുമതി. മണിപ്പുര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിനു കേന്ദ്രം വഴങ്ങാതിരുന്നതിനെത്തുടര്‍ന്നാണ് 26 പാര്‍ട്ടികളുടെ സംയുക്ത പ്രതിപക്ഷമായ ‘ഇന്ത്യ’ അവിശ്വാസപ്രമേയം നല്‍കിയത്. പത്തു ദിവസത്തിനകം ലോക്സഭയില്‍ നടക്കുന്ന പ്രമേയചര്‍ച്ചയില്‍ മറുപടി നല്കാൻ പ്രധാനമന്ത്രി മോദി ബാധ്യസ്ഥനാകും.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവായ ഗൗരവ് ഗൊഗോയ് നല്കിയ അവിശ്വാസ പ്രമേയത്തിനാണു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അനുമതി നല്‍കിയത്. പ്രമേയത്തെ സംയുക്ത പ്രതിപക്ഷം ഒന്നായി പിന്തുണച്ചു. കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്ത് ചര്‍ച്ചയ്ക്കു സമയം തീരുമാനിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. പരമാവധി പത്തു ദിവസത്തിനകം ചര്‍ച്ച നടത്തണമെന്നതാണു കീഴ്വഴക്കം.
മന്ത്രിസഭയില്‍ വിശ്വാസം നഷ്ടപ്പെട്ടതായുള്ള ഒറ്റവരി പ്രമേയമാണു ഗൊഗോയ് അവതരിപ്പിച്ചത്. നൂറിലേറെ പ്രതിപക്ഷാംഗങ്ങള്‍ ഉടൻ എഴുന്നേറ്റു നിന്ന് പിന്തുണച്ചു. പ്രമേയം അംഗീകരിക്കണമെങ്കില്‍ 50 എംപിമാരുടെ പിന്തുണ വേണമെന്നാണു ചട്ടം. കോണ്‍ഗ്രസ് പ്രമേയത്തിനോടു ചേരാതെ തെലുങ്കാനയിലെ ബിആര്എസിനുവേണ്ടി നമ നാഗേശ്വര റാവുവും മറ്റൊരു അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രമേയത്തിന് അംഗീകാരം ലഭിച്ചതോടെ ബിആര്‍എസ് പ്രമേയം സഭയില്‍ അവതരിപ്പിച്ചില്ല.
ലോക്സഭയിലെ അംഗബലം തെളിയിക്കാനല്ല പ്രമേയമെന്ന് മറിച്ചു മണിപ്പുര്‍ കലാപം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു പ്രധാനമന്ത്രി മോദി മറുപടി പറയുകയും സ്ത്രീസുരക്ഷ, വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി അടക്കമുള്ള ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ രാജ്യശ്രദ്ധയില്‍ കൊണ്ടുവരാൻകൂടിയാണ് ചര്‍ച്ചയെന്നും നേതാക്കള്‍ പറഞ്ഞു