തിരുവനന്തപുരം : അതീവഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്രാണവായുവായ ഓക്‌സിജൻ സിലിണ്ടറുകള്‍ കയറ്റിറക്ക് കൂലിയുടെ പേരില്‍ ഇറക്കാൻ സമ്മതിക്കാതെ യൂണിയനുകള്‍.പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയിലാണ് രോഗികള്‍ക്കായി ഓക്‌സിജനുമായെത്തിയ വാഹനം തടഞ്ഞ് ജീവനക്കാരെ യൂണിയൻ തൊഴിലാളികള്‍ വിരട്ടിയോടിച്ചത്.ഓക്‌സിൻ സിലിണ്ടറിന്റെ വിതരണത്തിനായി പുതുതായി ടെണ്ടറെടുത്ത കൊച്ചുവേളിയിലെ പീനിയ എന്ന സ്ഥാനം ഇന്നലെ ആദ്യമായി സിലിണ്ടറുകളുമായത്തിയപ്പോഴായിരുന്നു സംഭവം.
ആശുപത്രിയിലെ ഓക്‌സിജൻ സ്റ്റോക്കില്ലെന്ന് അറിഞ്ഞതോടെ 11മണിയോടെയാണ് ഒൻപത് സിലിണ്ടറുകളുമായി വാഹനമെത്തിയത്.ഇതോടെ വിവിധ യൂണിയനുകളിലെ നാല് തൊഴിലാളികളെത്തി.ഇതില്‍ എല്ലാ വിഭാഗം യൂണിയനുകളുമുണ്ടെന്നാണ് വിവരം.വലിയ സിലിണ്ടറിന് 50രൂപയും ചെറുതിന് 20രൂപയും കയറ്റിറക്ക് കൂലി വേണമെന്നായി ആവശ്യം.
എന്നാല്‍ ടെണ്ടറെടുത്തപ്പോള്‍ ഈ തുക കണക്കാക്കിയിട്ടില്ലെന്നും നേരിയ ലാഭം മാത്രമുള്ള സിലിണ്ടറുകള്‍ ഇറക്കാൻ വാഹനത്തിന്റെ ഡ്രൈവറെയും ഒരു തൊഴിലാളിയെയും കമ്ബനി നിയോഗിച്ചിട്ടുണ്ടെന്നും ഓക്‌സിജനുമായെത്തിയ ജീവനക്കാര്‍ പറഞ്ഞു. അതിനാല്‍ കയറ്റിറക്ക് കൂലി കൂടി നല്‍കാനാകില്ലെന്നും അവര്‍ വ്യക്തമാക്കിയതോടെ സിലിണ്ടര്‍ ഇറക്കാനാകില്ലെന്നായി യൂണിയൻ തൊഴിലാളികള്‍.അതിനിടെ ആശുപത്രി ജീവനക്കാര്‍ ഇടപ്പെട്ട് ഓക്‌സിജൻ സ്റ്റോക്കില്ലെന്നും ഇറക്കാതെ പോകരുതെന്നും ആവശ്യപ്പെട്ടതോടെ ഒരു പ്രാവശ്യത്തേക്ക് സിലിണ്ടറുകള്‍ ഇറക്കാൻ യൂണിയൻ തൊഴിലാളികള്‍ അനുവദിച്ചു.
എന്നാല്‍ ഇന്ന് 50 സിലിണ്ടറുകളാണ് ആശുപത്രിയില്‍ എത്തിക്കേണ്ടത്.യൂണിയനുകള്‍ സമാന നിലപാടെടുത്താല്‍ സ്ഥിതി ദയനീയമാകും.എന്നാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.സിലിണ്ടര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ കയറ്റിറക്ക് ഉത്തരവാദിത്വവും കമ്ബനിയ്ക്കാണെന്ന് ടെണ്ടറില്‍ പറഞ്ഞിട്ടുള്ളതിനാല്‍ അത് കമ്ബനിയുടെ ഉത്തരവാദിത്വമാണെന്നാണ് അധികൃതര്‍ അറിയിച്ചത്.