തിരുവനന്തപുരം: തരംതാണ രീതിയില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ ഒരിക്കല്‍പ്പോലും ഉമ്മൻ ചാണ്ടി മോശമായി പ്രതികരിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. അദ്ദേഹത്തെപ്പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ഹാളില്‍ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്റെ പ്രചാരകരെ സ്നേഹം കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അദ്ദേഹത്തെ തികഞ്ഞ ഗാന്ധിയനായി താൻ കരുതുന്നു. ഒരു വലിയ ഉത്തരവാദിത്തം തങ്ങളെ എല്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉമ്മൻ ചാണ്ടിയാകുക എന്നതായിരിക്കണം എല്ലാ പൊതുപ്രവര്‍ത്തകരുടെ ലക്ഷ്യവും സ്വപ്നവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എന്റെ ജില്ലയായ കണ്ണൂരില്‍ വച്ച് ഉമ്മൻ ചാണ്ടിക്ക് കല്ലേറുണ്ടായ സംഭവം എനിക്ക് വലിയ ഞെട്ടലായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഒരു കടല്‍ത്തിര പോലെ ഇളകിമറിഞ്ഞപ്പോള്‍ ഉമ്മൻ ചാണ്ടി ഒരു സ്നേഹ വടി നീട്ടി അതിനെ തടഞ്ഞു. ദീര്‍ഘനാള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാൻ സാധിച്ച എനിക്ക് അദ്ദേഹം സഹോദരതുല്യമായ സ്നേഹമാണ് പകര്‍ന്നു നല്‍കിയത്’ – കെ. സുധാകരൻ പറഞ്ഞു.
യു.ഡി.എഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ യോഗത്തില്‍ പറഞ്ഞു. ‘വിദ്യാര്‍ഥി കാലം മുതല്‍ക്ക് തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകനും സംഘാടകനും ആയിരുന്നു ഉമ്മൻ ചാണ്ടി. നിശ്ചിത കാലം കഴിയുന്നതോടെ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായി മാറി. ചെറുപ്പ കാലം മുതല്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അതിപ്രധാനികളില്‍ ഒരാളായി അദ്ദേഹം മാറിയിരുന്നു. നിയമസഭാ പ്രവര്‍ത്തനം ഒന്നിച്ചാണ് തുടങ്ങിയതെങ്കിലും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഇടവേളകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഉമ്മൻ ചാണ്ടി തുടര്‍ച്ചയായി ആ പ്രവര്‍ത്തനം ഭംഗിയായി നിറവേറ്റി’- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൊതുപ്രവര്‍ത്തനത്തില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയ ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അദ്ദേഹം ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും ഓരോ സാധാരണക്കാരനും അത് എത്ര മാത്രം സഹായം ലഭിക്കുമെന്ന് ഓര്‍ത്തുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.