50 ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 5000 കിലോ കേടായ മത്സ്യം

50 ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 5000 കിലോ കേടായ മത്സ്യം
alternatetext

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ 50 ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ പിടികൂടിയത് കേടായ 5549 കിലോ മത്സ്യം. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ഓപറേഷൻ മത്സ്യ എന്ന പേരില്‍ 5516 പരിശോധനകളാണ് നടത്തിയത്. എല്ലാ ജില്ലകളിലും സ്‌പെഷല്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചായിരുന്നു പരിശോധന. 1397 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇതില്‍ 603 എണ്ണം പിഴ നോട്ടീസുകളാണ്. തിരുത്തല്‍ ആവശ്യപ്പെട്ടുള്ള റെക്ടിഫിക്കേഷന്‍ നോട്ടീസാണ് ശേഷിക്കുന്ന 794 എണ്ണം. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.

ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകളിലേറെയും. ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി പ്രത്യേക പരിശോധനയും ഉണ്ടായിരുന്നു. ലൈസന്‍സും രജിസ്‌ട്രേഷനും കൃത്യമായി പുതുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഉറപ്പാക്കണം. ഇക്കാലയളവില്‍ 3029 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും 18,079 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും.