വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ നിർദേശം

വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ നിർദേശം
alternatetext

വയനാട് മെഡിക്കൽ കോളജിൽ അടുത്ത അധ്യായന വർഷം എം.ബി.ബി.എസ്. ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. നാഷണൽ മെഡിക്കൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കണം. 

100 എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകിയിരുന്നു. കേരള ആരോഗ്യ സർവകലാശാല പരിശോധന നടത്തി അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. 2024ലെ അഡ്മിഷൻ നടത്താനായി ആദ്യ വർഷ ക്ലാസുകൾക്കുള്ള സൗകര്യങ്ങളൊരുക്കി എൻ.എം.സി.യുടെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും മന്ത്രി നിർദേശം നൽകി. വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

ജില്ലാ ആശുപത്രിയിൽ സജ്ജമാക്കിയ ആറുനില കെട്ടിടത്തിൽ ആദ്യ വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് വേണ്ട ക്രമീകരണങ്ങളൊരുക്കണം. മാനന്തവാടി താലൂക്കിൽ തലപ്പുഴ ബോയ്സ് ടൗണിൽ മെഡിക്കൽ കോളജിന് വേണ്ടി പ്രഖ്യാപിച്ച ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള 65 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരമാണ് കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് കാലതാമസമുണ്ടാകാൻ കാരണം. അടിയന്തരമായി കോടതിയുടെ അനുമതി തേടി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. കൂടാതെ ജില്ലാ ആശുപത്രിയ്ക്ക് സമീപം ഏറ്റെടുക്കാൻ പറ്റുന്ന സ്ഥലങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

സർക്കാർ തലത്തിൽ 5 നഴ്സിംഗ് കോളജുകൾക്ക് തത്വത്തിൽ അനുമതി നൽകിയതിൽ വയനാടും ഉൾപ്പെട്ടിട്ടുണ്ട്. അതിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കാനും മന്ത്രി നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മറ്റുദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു