ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ടു യുവതികളെ ജനക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകല്‍ റോഡിലൂടെ നഗ്നരായി നടത്തിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ല. സാമുദായിക കലാപത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങള്‍ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി.
സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും. മണിപ്പൂരില്‍ ഇത് സര്‍ക്കാര്‍ ഇടപെടേണ്ട സമയമാണ് -ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മണിപ്പൂരില്‍നിന്നും പുറത്തുവന്നതോടെ രാജ്യത്താകമാനം കടുത്ത വിമര്‍ശനം ഉയരുകയാണ്. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഇതോടെ രണ്ട് മാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കാലപത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുകയാണെന്നും മണിപ്പൂരിന്‍റെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ല. ഹൃദയം ദേഷ്യത്താലും വേദനയാലും നിറയുകയാണ്. മണിപ്പൂരില്‍ നടന്ന സംഭവം ഏതൊരു ജനസമൂഹത്തിനും അപമാനകരമാണ് -മോദി പറഞ്ഞു.