കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം പോലെ മതിയെന്നും മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. ‘സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച ഒരു നേതാവിന് ജനങ്ങള്‍ നല്കുന്ന സ്നേഹാദരവാണിത്. സംസ്കാര ചടങ്ങുകള്‍ അപ്പയുടെ ആഗ്രഹം പോലെ നടത്തണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം.’ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
‘നന്ദി പറയാന്‍ വാക്കുകളില്ല, അദ്ദേഹം കേരളത്തിലെ ഓരോ മലയാളിയെയും ഒരുപാട് സ്നേഹിച്ചിരുന്നു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹം എല്ലാവരെയും സ്നേഹിച്ചിരുന്നു. ആ സ്നേഹം പത്തിരട്ടിയായിട്ടാണ് ജനങ്ങള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ വഴിയില്‍ നിന്ന് അപ്പയെ കാണുന്നു. ദര്‍ബാര്‍ ഹാളിലും വീട്ടിലും ഒക്കെ നമ്മള് ആ തിരക്ക് കണ്ടതാണ്. അദ്ദേഹം കൊടുത്ത സ്നേഹം ജനങ്ങളിപ്പോള്‍ അദ്ദേഹത്തിന് തിരിച്ച് കൊടുക്കുകയാണ്.” മകള്‍ അച്ചു ഉമ്മന്റെ വാക്കുകളിങ്ങനെ.
രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവില്‍ നൂറുകണക്കിന് മലയാളികള്‍ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാല്‍ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തില്‍ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നില്ക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോള്‍ വികാര നിര്‍ഭരമായ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസില്‍ ഉമ്മൻചാണ്ടിക്ക് എ കെ ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.
തിരുവനന്തപുരത്ത് നിന്നും രാവിലെ 7 മണിക്ക് ആരംഭിച്ച വിലാപ .യാത്ര പുതുപ്പള്ളിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഇപ്പോൾ കിളിമാനൂരിൽ നിന്നും നീങ്ങിക്കൊണ്ടിരിക്കുന്നു