ന്യൂഡല്‍ഹി ലാവ്ലിൻ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 12ലേക്ക് മാറ്റി. സിബിഐക്കുവേണ്ടി ഹാജരാകാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് ചില അസൗകര്യങ്ങള്‍ ഉണ്ടെന്നും കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റണമെന്നും ജൂനിയര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു.
എന്നാല്‍, അടുത്ത ആഴ്ച അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ്സാല്‍വെ അറിയിച്ചു. അടുത്ത ആഴ്ച അസൗകര്യങ്ങള്‍ ഉണ്ടെന്ന് കോടതിയും പറഞ്ഞു. ആവശ്യമെങ്കില്‍ ഇന്നുതന്നെ കേസ് വാദിക്കാൻ തയ്യാറാണെന്ന് ഹരീഷ്സാല്‍വെ നിലപാട് വ്യക്തമാക്കിയെങ്കിലും സിബിഐ അഭിഭാഷകൻ സന്നദ്ധത പ്രകടിപ്പിച്ചില്ല.
സെപ്തംബര്‍ 12 ലേക്ക് കേസ് മാറ്റുകയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ദത്ത എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അറിയിച്ചു.
നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി. ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത്. ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ് ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് 2005 ജൂലായ് 13ന് സി.എ.ജി റിപ്പോർട്ട് നൽകി.