ബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാൻസര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4:25-ഓടെയാണ് മരണപ്പെട്ടത്. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.
ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഡോ യു.എസ്. വിശാല്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്‍റെ ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവിലെത്തിയത്. ചികിത്സയിലൂടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ രക്തസമ്മര്‍ദം ഉയര്‍ന്നതോടെ, ഇന്ദിര നഗറിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്കാര ശുശ്രൂഷകള്‍ ജന്മനാടായ പുതുപ്പള്ളിയില്‍ വച്ച് നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതൃയോഗം ബംഗളൂരുവില്‍ നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ വച്ച് ആദരമര്‍പ്പിക്കും.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. 2004-ലാണ് ഉമ്മൻ ചാണ്ടി ആദ്യമായി കേരള മുഖ്യമന്ത്രിയാകുന്നത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എ കൂടിയായിരുന്നു അദ്ദേഹം.
ഇന്ന് പൊതു അവധി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.2 ദിവസത്തെ ഒദ്യോഗിക ദുഃഖാചരണം.