മലപ്പുറം: എടവണ്ണയില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളായ സഹോദരനും സഹോദരിക്കുംനേരെ “സദാചാര അക്രമണം” നടത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്‌റ്റില്‍. സി.പി.എം. എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍(46), പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന്‍(39), ഡ്രൈവര്‍ അബ്‌ദുല്‍ ഗഫൂര്‍ തുവ്വക്കാട്(43), പുരോഗമന കലാ സാഹിത്യസംഘം അംഗം കരീം മുണ്ടേങ്ങര(55), സി.പിഎം ലോക്കല്‍ അംഗം മുഹമ്മദാലി തൃക്കലങ്ങോട്(53) എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പ്രതികള്‍ക്കെതിരേ ഐ.പി.സി 554, ഐ.പി.സി 323, 509, കേരളാ പോലീസ് ആക്‌ട് 119(ബി) വകുപ്പുപ്രകാരമാണ് കേസ്.
എടവണ്ണ ബസ് സ്‌റ്റാന്‍ഡ് പരിസരത്തുവച്ചാണു എടവണ്ണ അരീക്കോട് പൂവ്വത്തിക്കല്‍ സ്വദേശിനി ഷിംല, സഹോദരന്‍ ഷിംഷാദ് എന്നിവര്‍ക്കു മര്‍ദനമേറ്റത്. ജൂലൈ 13 നായിരുന്നു സംഭവം. വണ്ടൂര്‍ കോ-ഓപ്പറേറ്റിവ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഷിംല. സഹോദരന്‍ ഷിംഷാദ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. വീട്ടിലേക്ക് പോകുന്നതിനുവേണ്ടി ഇരുവരും എടവണ്ണ ബസ് സ്‌റ്റാന്‍ഡില്‍ എത്തിയതായിരുന്നു. ഇതിനിടെ ഒരാള്‍ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. ഷിംഷാദും കൂട്ടുകാരും ഇതു ചോദ്യം ചെയ്‌തതോടെ കുറച്ച് ആളുകള്‍ ചേര്‍ന്ന് ഷിംഷാദിനെ മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാൻ അയവശ്യപ്പെട്ടതോടെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും പരാതിയില്‍ പറയുന്നു.
പരാതി നല്‍കിയെങ്കിലും പോലീസ് അന്വഷണത്തിൽ അലംഭാവം കാണിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു. അതിനിടെ, എടവണ്ണ ബസ് സ്‌റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ക്കെതിരേ ജനകീയ സമിതി എന്ന പേരില്‍ സ്‌ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡും ഇതിനു ബദലായി വിദ്യാര്‍ഥിപക്ഷം എടവണ്ണ എന്ന പേരില്‍ സ്‌ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡും പോലീസ് എടുത്തുമാറ്റി.
സ്‌കൂള്‍ വിട്ടുകഴിഞ്ഞിട്ടും വിദ്യാര്‍ഥികള്‍ ടൗണില്‍ തന്നെ കറങ്ങി നടക്കുകയാണെന്നും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നുമാണ് ജനകീയ ബോര്‍ഡിലെ ഉള്ളടക്കം. അഞ്ചിനുശേഷം ഈ പരിസരത്ത് വിദ്യാര്‍ഥികളെ കണ്ടാല്‍ നാട്ടുകാര്‍ കൈകാര്യംചെയ്യുമെന്നും ബോര്‍ഡില്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ് കണ്‍സഷന്‍ ടൈം എന്ന് തുടങ്ങുന്നതാണു വിദ്യാര്‍ഥിപക്ഷം സ്‌ഥാപിച്ച ബോര്‍ഡിലെ ഉള്ളടക്കം. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പോലീസ് രണ്ട് ബോര്‍ഡുകളും എടുത്തുമാറ്റുകയായിരുന്നു