മാലിന്യം തള്ളല്‍: കൊച്ചിയില്‍ എട്ട് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

മാലിന്യം തള്ളല്‍: കൊച്ചിയില്‍ എട്ട് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
alternatetext

കൊച്ചി: ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസ് വ്യാഴാഴ്ച എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, എറണാകുളം ടൗണ്‍ സൗത്ത്, ഹാര്‍ബര്‍ ക്രൈം, കളമശ്ശേരി, തോപ്പുംപടി, റൂറല്‍ പോലീസ് പരിധിയിലെ രാമമംഗലം പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൂണിത്തുറ വില്ലേജ് ചമ്ബക്കര മാര്‍ക്കറ്റിന് സമീപം കെ.എല്‍ 39 ബി 5887 നമ്ബര്‍ ഓട്ടോയില്‍ നിന്നും മലിന ജലം ഒഴുക്കിയതിന് പാലക്കാട് പട്ടാമ്ബി കോഴിക്കര മുക്കുന്നത്ത് വളപ്പില്‍ വീട്ടില്‍ ഫൈസലി(46)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തേവര വെണ്ടുരുത്തി പാലത്തിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് നേവല്‍ ബേസ് ഗട്ടര്‍ ബ്രിഡ്ജ്, കോര്‍ട്ടേഴ്സ് നമ്ബര്‍ 301 ല്‍ വി.ജെ സെബാസ്റ്റ്യ(41)നെ പ്രതിയാക്കി എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാത്തുരുത്തി ബോട്ട് ഈസ്റ്റ് പുതിയ റോഡില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പാലക്കാട് മണ്ണാര്‍ക്കാട് വെണ്ണക്കോട് വീട്ടില്‍ മനീഷ് മോഹനൻ (28), പാലക്കാട് മണ്ണാര്‍ക്കാട് നല്ലപണി വീട്ടില്‍ പ്രസാദ് (40) എന്നിവരെ പ്രതിയാക്കി ഹാര്‍ബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കെ.എല്‍ 35 എഫ് 7577- നമ്ബര്‍ ടിപ്പര്‍ ലോറിയില്‍ കൊണ്ടുവന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കളമശ്ശേരി ബിവറേജസിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ആലുവ എടത്തല മോളാര്‍ക്കുടി വീട്ടില്‍ എം.എസ് മുഹമ്മദ് ഷഫീഖ് (23), കെ. എല്‍ 41 എഫ് 8117- നമ്ബര്‍ ടിപ്പര്‍ ലോറിയില്‍ കൊണ്ടുവന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കളമശ്ശേരി ബിവറേജസിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ആലുവയില്‍ കുഴിവേലിപ്പടി സൈദുകുടി വീട്ടില്‍ എസ്. എ സിറാജ് (31) എന്നിവരെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മുണ്ടംവേലി സാന്തോം പള്ളിക്ക് മുൻവശം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് സെബാസ്റ്റ്യനെ (50) പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതു സ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറല്‍ പൊലീസ് പരിധിയില്‍ രാമമംഗലം പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു.