പഞ്ചായത്ത് അംഗത്തിൻ്റെ പിതാവ് വീട്ടമ്മയെ മാനഭംഗം ചെയ്തു എന്ന പേരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച തെക്കെ മങ്കുഴി മാനഭംഗ കേസിലെ പ്രതി നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്ന പൂവള്ളിൽ അരവിന്ദാക്ഷൻ്റെ പിതാവ് ചെല്ലപ്പനെയാണ് കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ റാണി വെറുതെ വിട്ടത്.
2016 ലെ ഗാന്ധി ജയന്തി ദിനത്തിൽ, രാഷ്ട്രീയ വിരോധം കാരണം സമീപ വാസിയുടെ വീട്ടിൽ കടന്നു കയറി പ്രതി വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ ഏറെക്കാലമായി തർക്കത്തിൽ കിടന്ന റോഡ് പണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചായത്ത് അംഗവുമായി രാഷ്ട്രീയ വിരോധത്തിലായിരുന്നവർ കൂടിയാലോചനകൾക്കു ശേഷം കളവായി അദ്ദേഹത്തിൻ്റെ പിതാവിനെ കേസിൽ കുടുക്കുകയായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം.
കേസിൽ പരാതിക്കാരിയുടെതായി ഹാജരാക്കിയ മൊഴി കേസിലെ പ്രഥമ വിവരമല്ലെന്നും യഥാർത്ഥ മൊഴി മറച്ചുവെച്ചാണ് പോലിസ് ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്തതെന്നുമെന്നുള്ള വാദമാണ് പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ പ്രധാനമായി ഉയർത്തിയത്. സി പി എമ്മിന് അപ്രമാദിത്വമുണ്ടായിരുന്ന പഞ്ചായത്ത് വാർഡിൽ അരവിന്ദ് അട്ടിമറി വിജയം നേടിയതു മുതലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ച എന്ന നിലയിൽ വലിയ പ്രക്ഷോഭങ്ങളും കേസുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നു.
പ്രതിക്ക് വേണ്ടി അഭിഭാഷകരായ പ്രതാപ് ജി പടിക്കൽ, ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.