ആര്യനാട്: വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം. മുൻ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്നയാളെ ബാങ്കില്‍നിന്ന് സസ്പെൻഡ് ചെയ്തു. ആര്യനാട് സഹകരണ ബാങ്കിലെ ജീവനക്കാരൻ ഷാജിക്കെതിരേയാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നടപടിയെടുത്തത്.
മുൻപ് ബാങ്കില്‍ നടന്ന സാമ്ബത്തിക തിരിമറിക്കേസില്‍ മതിയായ രേഖകളില്ലാതെ വായ്പ നല്‍കിയ സംഭവത്തില്‍ അന്നത്തെ ഡി.വൈ.എഫ്.ഐ. ഏരിയാ ട്രഷറര്‍കൂടിയായ ഷാജിക്കെതിരേ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് പാര്‍ട്ടി കമ്മിഷൻ നല്‍കുന്നതിനു മുൻപാണ് ഇയാള്‍ പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജി വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ചെന്നും ഫോണ്‍വിളിച്ച് ശല്യംചെയ്തെന്നും വീട്ടമ്മ ആര്യനാട് പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് സെക്രട്ടറി ഷാജിയോടു നിര്‍ബന്ധിത അവധിയില്‍ പോകാൻ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുത്താല്‍ മതിയെന്ന് പാര്‍ട്ടി ബാങ്ക് ഭരണസമിതിക്കു നിര്‍ദേശം നല്‍കി. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ബാങ്ക് ഭരണസമിതിയുടെ നടപടി.
ലോക്കല്‍ കമ്മിറ്റി അംഗം അര്‍ധരാത്രിയില്‍ മോശമായ മെസേജുകള്‍ അയച്ചെന്നും ഇയാള്‍ ജോലിചെയ്യുന്ന സഹകരണ ബാങ്കില്‍നിന്നു ജാമ്യമില്ലാതെ വായ്പ തരപ്പെടുത്താമെന്നുപറഞ്ഞ് നിരന്തരം ശല്യപ്പെടുത്തുകയാണെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. സി.പി.എം. ജില്ലാ സെക്രട്ടറിക്കും സഹകരണ ബാങ്ക് പ്രസിഡന്റിനും വാട്സാപ്പ് മെസേജുകള്‍ ഉള്‍പ്പെടെ കൈമാറിയെങ്കിലും നടപടിയുണ്ടാകാതെ വന്നതോടെയാണ് യുവതി ആര്യനാട് പോലീസിനെ സമീപിച്ചത്.