കൊച്ചി: കൊച്ചിയില്‍ നിന്നും ലോറികള്‍ കടത്തി തമിഴ്നാട്ടില്‍ വില്‍പ്പന നടത്തിയ അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ച സംഘത്തിലെ പ്രധാനികള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ വ്യാപാരി ഉള്‍പ്പെടെ 5 അംഗ സംഘമാണ് എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പ്രതികള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വാഹനം കടത്തിയ കേസില്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മെയ് 23 ന് നെട്ടൂരിലെ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിലെ വ്യാപാരിയുടെ മിനി ലോറി കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ച സംഘം അറസ്റ്റിലായത്. ലോറിയുടെ ജിപിഎസ് അഴിച്ചുമാറ്റിയാണ് സംഘം വാഹനം ആദ്യം പെരുമ്ബിലാവിലേക്കും തുടര്‍ന്ന് പൊള്ളാച്ചിലേക്കും കടത്തിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള സിസിടിവികള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. തുടര്‍ന്നാണ് പൊള്ളാച്ചി ഗോഡൗണില്‍ പൊളിക്കാൻ സൂക്ഷിച്ച ലോറി കണ്ടെത്തിയത്.
കേരള റജിസ്ട്രേഷനിലുള്ള 10 വാഹനം ഈ സമയം ഗോഡൗണില്‍ ഉണ്ടായിരുന്നു. ഗോഡൗണ്‍ ഉടമ പൊലള്ളാച്ചിയിലെ ശബരീനാഥൻ, വാഹനം കടത്തിയ നെടുമങ്ങാട് സ്വദേശി അൻസില്‍, വിഷണുരാജ് എന്നിവരാണ് ആദ്യം പിടിയിലായത്. പട്ടാമ്ബി സ്വദേശി ജലീലാണ് മുഖ്യ ആസൂത്രകനെന്ന് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പാലക്കാട് നിന്നും ജലീല്‍ പിടിയിലായത്. കൂട്ടാളി മുഹമ്മദ് ജംഷാദിനെ മൈസുരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
ജംഷാദ് വരാപ്പുഴയില്‍ പോക്സോ കേസിലടക്കം നിരവധി കേസില്‍ പ്രതിയാണ്. മറ്റ് പ്രതികളുടെ പേരില്‍ വിവിധ ജില്ലകളില്‍ വാഹന കവര്‍ച്ച കേസുണ്ട്. പാലക്കാട് നിന്നും സംഘം 10 ലേറെ വാഹനം കടത്തിയെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി