വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിനായി സര്‍ക്കാരിന് അനുമതി നല്‍കിയ ഉത്തരവിനെതിരെ അപ്പീലുമായി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അപ്പീല്‍ നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കുന്നതെന്നാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ വാദം. സ്ഥലമേറ്റെടുപ്പിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കുന്നതല്ല. സ്വകാര്യ സ്ഥലം സ്ഥിരമായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതി തീരുമാനം ചോദ്യം ചെയ്താണ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ അപ്പീല്‍. അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളികൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എസ്റ്റേറ്റ് ഭൂമി ടൗണ്‍ഷിപ്പ് ആയി അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണം. നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു