ആദിത്യൻ
ശബരിമല: ശരണ വിളികളോടെ കാത്തിരുന്ന ഭക്തർക്ക് മുന്നിൽ മകരവിളക്കായി മണികണ്ഠൻ തെളിഞ്ഞു. പന്തളത്തു നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുകയും തിരുവാഭരണം ചാർത്തി കൊണ്ടുള്ള ഭഗവാന്‍റെ ദീപാരാധന കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കകം തന്നെ പുണ്യമായി പൊന്നമ്പലംമേട്ടിൽ മകരവിളക്കായി തെളിഞ്ഞു മണികണ്ഠൻ.
ശരണം വിളികളോടെ കാത്തിരുന്ന ഭക്തർക്ക് ദർശന പുണ്യമായി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു. മണിക്കൂറുകൾക്ക് മുമ്പേതന്നെ സന്നിധാനവും പരിസരവും അയ്യപ്പന്മാരാൽ നിറഞ്ഞിരുന്നു .പന്തളത്ത് നിന്നും പന്ത്രണ്ടാം തീയതി പുറപ്പെട്ട തിരുവാഭരണങ്ങൾ വൈകിട്ട് ആറു മണിയോടെ സന്നിധാനത്തേക്ക് എത്തുകയും ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാ സംഘം പ്രവർത്തകരും ചേർന്ന് തിരുവാഭരണം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു. ആറരയോടെ തിരുവാഭരണം ചാർത്തി. ദീപാരാധനയ്ക്കുശേഷം ആയിരുന്നു പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞത് .മകരവിളക്ക് കണ്ടു തൊഴാൻ 2 ലക്ഷത്തോളം ഭക്തർ ശബരിമലയിൽ ഇന്ന് എത്തി .പോലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളിലായി ഒരുക്കിയത്.
17 വരെ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ഭക്തജനങ്ങൾക്ക് ദർശിക്കാം. നെയ്യഭിഷേകം 18 വരെ ഉണ്ടാകും. മണിമണ്ഡപത്തിൽ നിന്നും ശരം കുത്തിയിലേക്കുള്ള എഴുന്നള്ളത്ത് 19 രാത്രി പത്തിന് . മാളികപ്പുറത്ത് വലിയ ഗുരുതി 19 ന് രാത്രി നടയടക്കും വരെ ഭക്തജനങ്ങൾക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ച് എഴുന്നള്ളിക്കും .തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം അയ്യപ്പസ്വാമിയെ ഭസ്മവിഭൂഷിതമാക്കി യോഗ തണ്ടും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിൽ ആക്കിയ ശേഷം നടയടക്കും.