തൃശൂർ: ഗായകൻ പി.ജയചന്ദ്രന്‍റെ സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ നടത്തും. രാവിലെ പത്തു മുതല്‍ 12 വരെ തൃശൂർ സംഗീത നാടക അക്കാദമിയില്‍ മൃതദേഹം പൊതു ദർശനത്തിനു വയക്കും. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഒമ്ബതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവിവർമ്മ കൊച്ചനിയൻ തമ്ബുരന്‍റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായിട്ടാണ് അദ്ദേഹം ജനിച്ചത്. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു. 1958 ലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ യേശുദാസ് ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി.
1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്ബനിയില്‍ കെമിസ്റ്റായി. അതേവര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍ -ചിദംബരനാഥ് ടീമിന്‍റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ ഭാവഗായകനായി ഹൃദയത്തില്‍ ഏറ്റെടുത്തു. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി.
പി.ഭാസ്‌കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ.ഹരിനാരായണന്‍ വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്‍ തുടിച്ചു. രാസാത്തി ഉന്നൈ കാണാതെ നെഞ്ചം… എന്ന ഗാനം ശബ്ദതരംഗമായി തമിഴ്‌സിനിമയെ കീഴടക്കി. 1986ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്.
1972ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, 2004 ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015 ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്ബത്തെ, എന്ന് നിന്‍റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994 ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി.
തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997ല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. തൃശൂർ സ്വദേശിയായ ലളിതയാണ് ഭാര്യ. മക്കള്‍: ലക്ഷ്മി, ദിനനാഥ്.