കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
alternatetext

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ മാഞ്ചിരി പൂച്ചപ്പാറ നഗറിലെ പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട കരിയന്‍റെ മകന്‍ മണി (38) യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറരയോടെ രണ്ടു കുട്ടികളെ പാലേമാടുള്ള ട്രൈബല്‍ ഹോസ്റ്റലിലാക്കി മറ്റു കുട്ടികള്‍ക്ക് പനിക്കുള്ള മരുന്നു വാങ്ങി വരുമ്ബോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കരുളായി ചളിപ്പാടന്‍ മുഹമ്മദ് എന്ന ചെറിയുടെ ടാക്സി ജീപ്പില്‍ കണ്ണിക്കൈ ഭാഗത്ത് ഇറങ്ങിയശേഷം കരിമ്ബുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപ്പാറയിലേക്ക് പോകുമ്ബോഴാണ് മണിയും കൂട്ടരും കാട്ടാനയുടെ മുന്നില്‍ പെട്ടത്.

അഞ്ചുവയസുള്ള കുട്ടിയെ തോളിലിരുത്തി പോവുകയായിരുന്ന മണിയെ കാട്ടാന ആക്രമിച്ചതോടെ കുട്ടി ദൂരേക്ക് തെറിച്ചു വീണു. കൂടെ ഉണ്ടായിരുന്ന പൂച്ചപ്പാറ കണ്ണൻ, മജീഷ്, വിജേഷ് എന്നിവര്‍ മണിയുടെ കുട്ടിയെ എടുത്ത് ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ ചെറി വനപാലകരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് വനപാലകര്‍ ചെറിയുടെ ജീപ്പില്‍ സ്ഥലത്തെത്തി. കരുളായില്‍നിന്ന് 25 കിലോമീറ്റര്‍ ഉള്‍വനത്തിലായിരുന്നു സംഭവം.

വനപാലകരെത്തും മുമ്ബ് മണിയുടെ സഹോദരന്‍ അയ്യപ്പന്‍ സ്ഥലത്തെത്തിയിരുന്നു. മണിക്ക് തലയ് ക്കാണ് ഗുരുതര പരിക്കേറ്റത്. രാത്രി പത്തരയോടെ നെടുങ്കയത്ത് എത്തുംവരെ മണി സംസാരിച്ചിരുന്നു. നെടുങ്കയത്തുനിന്ന് ആംബുലന്‍സില്‍ മണിയെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലും തലയിലും കാട്ടാനയുടെ ചവിട്ടേറ്റതാകാം മരണകാരണമെന്നാണ് സൂചന. ചെവിയുടെ ഭാഗത്തുനിന്ന് രക്തം വന്നിട്ടുണ്ട്.

മണിയുടെ സഹോദരനായ അയ്യപ്പന്‍ ഒന്നര കിലോമീറ്റര്‍ മണിയെ ചുമന്നാണ് ജീപ്പ് കിടന്ന മാഞ്ചിരിയിലേക്ക് കൊണ്ടുവന്നത്. പൂച്ചപ്പാറ കോളനിയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ വാങ്ങിയത് മണിയാണ്. വനത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ പുറംലോകത്ത് അറിയിച്ചിരുന്നത് മണിയായിരുന്നു. നിലമ്ബൂര്‍ ഗവണ്‍മെന്‍റ് ജില്ലാആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മണിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പി.വി. അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഭാര്യയും അഞ്ച് മക്കളും അടങ്ങുന്നതാണ് മണിയുടെ കുടുംബം. മണിയുടെ അമ്മ ചാത്തി മുമ്ബ് പാമ്ബുകടിയേറ്റു മരിച്ചിരുന്നു