ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
alternatetext

ആലപ്പുഴ: ചെങ്ങന്നൂരില്‍ സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍ . ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ പോലീസാണ് സുജിതയെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. ബുധുനൂർ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്.

സർക്കാർ ആയൂർവേദ ആശുപത്രിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സുജിത 4.25 ലക്ഷം രൂപയാണ് ബുധുനൂർ സ്വദേശിനിയായ യുവതിയില്‍ നിന്ന് കൈക്കലാക്കിയത്. താനും ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നും, പണം കൊടുത്താണ് ജോലിയില്‍ കയറിയതെന്നും സുജിത പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഉദ്യോഗാർഥികളുടെ വിശ്വാസം ആർജിക്കാനായി സർക്കാർ ജീവനക്കാരുടെ വ്യാജ തിരിച്ചറിയല്‍ കാർഡും ഇവർ ധരിച്ചിരുന്നു.

2023 ഫെബ്രുവരി 25നാണ് പണം വാങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. രണ്ട് മാസത്തിനകം ജോലിയില്‍ കയറാമെന്നായിരുന്നത്രെ വാഗ്ദാനം. എട്ട് മാസം കഴിഞ്ഞപ്പോള്‍ ആദ്യ ഘട്ടത്തില്‍ കുറച്ച്‌ പേരുടെ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പിഎസ്‍സി റാങ്ക് ലിസ്റ്റ് കാണിച്ചു. അടുത്ത ലിസ്റ്റ് ഇവരുടേതാണെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ജോലിയോ പണമോ തിരികെ ലഭിക്കാതെ ഇരുന്നതോടെ ഉദ്യോഗാർത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുജിത സുരേഷിനെതിരെ ആലപ്പുഴയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി തട്ടിപ്പ് കേസുകളുണ്ട്. വണ്ടി ചെക്ക് നല്‍കി കബിളിപ്പിച്ച കേസ് കോടതിയിലും നിലനില്‍ക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.