തിരുവനന്തപുരം: മദ്യലഹരിയില്‍ കാർ ഓടിച്ച് ഓട്ടോറിക്ഷ ഇടിച്ചു തകർത്ത പൊലീസ് അസോസിയേഷൻ ജില്ലാ ട്രഷററെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വിളപ്പില്‍ശാല സ്റ്റേഷനിലെ സിപിഒ വെളിയന്നൂർ സ്വദേശി ആർ.രതീഷിനെ (40) തുടർന്ന് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
അപകടത്തില്‍ പരുക്കേറ്റ ഓട്ടോ ഡ്രൈവർ ചാങ്ങ സ്വദേശി വിജയൻ (50), യാത്രക്കാരൻ വെളിയന്നൂർ വടക്കുംകര വീട്ടില്‍ ഡി.വിജയകുമാർ (60) എന്നിവർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം.
കാലിന് പൊട്ടലുണ്ടായ വിജയകുമാറിന് ഇന്നലെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല. ഇടിയില്‍ കാറിൻ്റെ മുൻവശത്തെ ടയർ ഇളകി മാറിയിട്ടും നിർത്താതെ ഓടിച്ചു പോയ രതീഷിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നെടുമങ്ങാട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ആദ്യം വിസമ്മതിച്ച രതീഷ് കൂടുതല്‍ പൊലീസുകാർ എത്തിയതോടെ വഴങ്ങി. മദ്യപിച്ചതായി കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി. വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്നു ആര്യനാട് പൊലീസ് അറിയിച്ചു. പുളിമൂട് ജംക്ഷന് സമീപത്താണ് അപകടം നടന്നത്.