കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി ശനിയാഴ്ച

കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി ശനിയാഴ്ച
alternatetext

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശനിയാഴ്ച കോടതി വിധി പറയും. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ വരെ പോയ കേസിലാണ് കൊച്ചിയിലെ സി.ബി.ഐ കോടതി വിധി പറയുന്നത്. മുൻ എം.എല്‍.എ കെ.വി കുഞ്ഞിരാമൻ അടക്കമുള്ള സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ 24 പ്രതികളാണുള്ളത്.

2019ലാണ് ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട് കൂരാങ്കര റോഡില്‍ കൃപേഷും ശരത് ലാലും വെട്ടേറ്റ് മരിച്ചത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ 14 പേരെ പ്രതിചേർത്തിരുന്നു. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് കുടുംബത്തിന്റെ നിരന്തരമായ നിയമ പോരാട്ടത്തെ തുടർന്ന് സുപ്രീംകോടതി കേസ് സി.ബി.ഐക്ക് കൈമാറി. തുടർന്ന് 10 പേരെ കൂടെ പ്രതിചേർക്കുകയായിരുന്നു.

അങ്ങനെയാണ് ഉദുമ മുൻ എം എല്‍ എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. 1300 ഓളം പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയില്‍ നല്‍കിയത്. സിബിഐക്ക് വേണ്ടി ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ കെ.പത്മനാഭൻ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി നിക്കോളാസ്, സി.കെ.ശ്രീധരൻ തുടങ്ങിയ അഭിഭാഷകരും കോടതിയില്‍ ഹാജരായി.