മുതുകുളം : മുതുകുളം തെക്ക് മായിക്കൽ സ്ഥിതി ചെയ്യുന്ന ജല അതോറിറ്റിയുടെ വാട്ടർ ടാങ്ക് പൊളിച്ചു മാറ്റാൻ നടപടികളായി.കാലപ്പഴക്കത്താൽ കോൺക്രീറ്റ് തൂണുകൾ അടർന്ന് ബലക്ഷയം വന്നതോടെ യാണ് വാട്ടർടാങ്ക് പൊളിച്ചുമാറ്റുന്നത്.വാട്ടർ ടാങ്കിന്റെ അപകടാവസ്ഥ 2022 ൽ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരികയും മുതുകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിഹരിപ്പാട് നടന്ന നവകേരള സദസ്സിൽ വെച്ച് മുഖ്യമന്ത്രി, ജലവിഭവവകുപ്പ് മന്ത്രി, ജില്ലാകളക്ടർ എന്നിവർക്ക് രേഖാമൂലം അപേക്ഷ നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കാർത്തികപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.വി.ജ്യോതിപ്രഭ ടീച്ചർ ഈ വിഷയം വീണ്ടും ഉന്നയിക്കുകയും. വാട്ടർഅതോറിറ്റി ഇത് പൊളിച്ച് മാറ്റുന്നതിന് ടെൻഡർ ചെയ്തിട്ടുണ്ടെന്ന് വിവരം ലഭിക്കുകയും ചെയ്തു.ഒരു കാലഘട്ടത്തിൽ മുതുകുളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം സംഭരിച്ചു എത്തിക്കാൻ നിർമ്മിച്ച 75 അടിയിലധികം ഉയരമുള്ള ജലസംഭരണിയാണ് കാലപ്പഴക്കത്താൽ നിലംപൊത്താറായ അവസ്ഥയിൽ നിൽക്കുന്നത്.
കോൺക്രീറ്റ് തൂണുകൾ അടർന്ന് ബലക്ഷയം വന്നതോടെ വാട്ടർ അതോറിറ്റി ഇത് ഉപേക്ഷിക്കുകയായിരുന്നു അതോടെ മുതുകുളത്തിന്റെ പടിഞ്ഞാറൻ മേഖലയും ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ കിഴക്കേക്കര പ്രദേശമായ കനകക്കുന്നിലും കടുത്ത ശുദ്ധജല ക്ഷാമം നേരിടുകയും ചെയ്തു..കടുത്ത ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് മുതുകുളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെംബർ ശ്രീജ ഇളങ്ങള്ളൂർ കുടുംബം സൗജന്യമായി നൽകിയ ഭൂമിയിലും,ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ രാജേഷ് കനകക്കുന്നിലും പുതിയ പമ്പ് ഹൗസ് നിർമ്മിക്കുകയും ചെയ്തതോടെ പ്രദേശത്തെകുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം ആവുകയായിരുന്നു.
വാട്ടർടാങ്ക് പൊളിക്കുന്നതിന് ആവശ്യമായ തുക മുതുകുളം ഗ്രാമപഞ്ചായത്ത് ജല അതോറിറ്റിയിൽ അടയ്ക്കുകയും അപകടാവസ്ഥയിലുള്ള ഈ വാട്ടർ ടാങ്ക് എത്രയും വേഗം പൊളിച്ച് മാറ്റുന്നതിനുള്ള തുടർനടപടികൾ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ജ്യോതിപ്രഭ ടീച്ചർ അറിയിച്ചു.