സംസ്ഥാനത്ത് മഴയുടെ ശക്തികുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തികുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞദിവസങ്ങളില്‍ വിവിധ ജില്ലകളില്‍, അതിതീവ്ര മഴയും അതിശക്തമായ മഴയും ലഭിച്ചിരുന്നെങ്കില്‍ ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് മഴ സാധ്യത പ്രവചനത്തിലുള്ളത്. അതേസമയം ഡിസംബർ 17 ചൊവ്വാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേർട്ട് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അച്ചൻകോവില്‍ നദിക്കരയില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിലുണ്ട്