സന്ദീപ് വാര്യരുടെ പാർട്ടിമാറ്റം;ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്.

സന്ദീപ് വാര്യരുടെ പാർട്ടിമാറ്റം;ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്.
alternatetext

അപ്രതീക്ഷിത നീക്കത്തിലൂടെ സന്ദീപ് വാര്യരെ പാളയത്തിലാക്കി ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. സന്ദീപുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെയായി ബി.ജെ.പിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നത്തിന് ഓർക്കാപ്പുറത്തുള്ള ട്വിസ്റ്റാണ് ശനിയാഴ്ചയുണ്ടായത്. ജില്ല കോണ്‍ഗ്രസ് നേതൃത്വത്തിലെ പല നേതാക്കള്‍ക്കും അറിയാതിരുന്ന ‘സസ്പെൻസ്’ പുറത്തുവിട്ടതാകട്ടെ, ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കണ്‍വെൻഷന്റെ അതേ സമയത്ത്. മുഖ്യമന്ത്രിയുടെ വേദിയില്‍നിന്നൊഴിഞ്ഞ് ചാനല്‍പ്രവർത്തകർ ഉള്‍പ്പെടെ പ്രവഹിച്ച സന്ദീപിന്റെ പ്രവേശനച്ചടങ്ങ് കോണ്‍ഗ്രസ് ഗംഭീരമാക്കി.

പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ പി. സരിൻ സി.പി.എമ്മിലേക്കും ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്കും കളംമാറിയതിന്റെ ക്ഷീണംതീർക്കല്‍കൂടിയാണിത് കോണ്‍ഗ്രസിന്.

കരുവന്നൂരും കൊടകരയും തമ്മില്‍ വെച്ചുമാറുന്നതിനെ എതിര്‍ത്തതും ധര്‍മരാജന്റെ കാള്‍ ലിസ്റ്റില്‍ പേരില്ലാതെ പോയതുമാണ് താന്‍ ചെയ്ത കുറ്റമെന്ന് സന്ദീപ് വ്യക്തമാക്കിക്കഴിഞ്ഞു. സന്ദീപ് നല്ലനടപ്പ് കഴിഞ്ഞ് തിരിച്ചെത്തുമെന്ന് കരുതിയിരുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ അമ്ബരപ്പ് വാർത്തസമ്മേളനത്തിലും പ്രകടമായിരുന്നു. ശനിയാഴ്ച വൈകീട്ട് മുതല്‍ രാഹുലിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ സന്ദീപിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ടിവരുക എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരിക്കും

ഒരു മാസം മുമ്ബേ നടന്ന എൻ.ഡി.എ കണ്‍വെൻഷനില്‍ ഇരിപ്പിടം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പിണങ്ങിപ്പോയ സന്ദീപിന്റെ തുടർദിവസങ്ങള്‍ തുറന്നുപറച്ചിലുകളുടേതായിരുന്നു. കാലങ്ങളായി പാർട്ടി നേതൃത്വത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്ന അവഗണനയുടെ കഥകളായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സന്ദീപ് കെട്ടഴിച്ചത്. പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി. കൃഷ്ണകുമാർ തന്നെ ബോധപൂർവം തകർക്കാൻ ശ്രമിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം. തന്റെ പ്രതിഷേധങ്ങള്‍ക്ക് പാർട്ടി വിലകല്‍പിക്കുന്നില്ലെന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോഴാണ് പുറത്തേക്കുള്ള വഴികള്‍ സന്ദീപ് തേടിയത്.

സന്ദീപുമായി അടുപ്പമുണ്ടായിരുന്ന ആർ.എസ്.എസ് നേതൃത്വം ഇടപെട്ടെങ്കിലും പിണക്കം മാറിയില്ല. സന്ദീപിന്റെ പ്രതികരണങ്ങള്‍ വകവെക്കേണ്ടതില്ലെന്നായിരുന്നു ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പിനുശേഷം പറഞ്ഞുതീർക്കാമെന്ന ധാരണയിലായിരുന്നു അവർ. ഇതോടെ കൃഷ്ണകുമാറിനെ സംരക്ഷിക്കുന്ന സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും സന്ദീപ് രംഗത്തെത്തി.

ഇതിനിടെ സന്ദീപ് വന്നാല്‍ സ്വീകരിക്കുമെന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ പ്രസ്താവന ചർച്ചയാവുകയും ചെയ്തു. എന്നാല്‍, സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സന്ദീപ് വ്യക്തമാക്കിയതോടെ സി.പി.ഐയുമായി ചർച്ച നടത്തുന്നതായി അഭ്യൂഹമുയർന്നിരുന്നു.