ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബർ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ അറിയിച്ചു. നവംബർ 15ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാല്‍, സജി ചെറിയാൻ, പി.പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.
5,000 ത്തോളം വിദ്യാർഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികള്‍. ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്‍റ് ജോസഫ് ഹൈസ്‌കൂള്‍, എസ്ഡിവി ബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്.
ഇത്തവണ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തില്‍ എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്.