‘മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല’; ഹരജി തള്ളി ഹൈക്കോടതി

'മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല'; ഹരജി തള്ളി ഹൈക്കോടതി
alternatetext

കൊച്ചി: മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങള്‍ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർഗമുണ്ടെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി ഉണ്ടായിരുന്നത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍നിന്ന് ഉണ്ടായാല്‍ കോടതിയെ സമീപിക്കാം. അതിനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും നല്‍കുന്നുണ്ട്.

ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരനെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന തരത്തില്‍ വാർത്തകള്‍ നല്‍കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ, അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ തർക്കങ്ങളെ തുർന്നാണ് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഹരജി കോടതിക്കു മുന്നിലെത്തിയത്.

ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്ന ഹരജി പിന്നീട് അഞ്ചംഗ വിശാല ബെഞ്ചിനു വിടുകയായിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഇന്ന് ഹരജി പരിഗണിച്ചപ്പോള്‍ വിശാലബെഞ്ച് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ മാധ്യമവിചാരണ പാടില്ലെന്നും ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.