തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളജുകളിലെ ഗെസ്റ്റ് അധ്യാപകർക്ക് എല്ലാമാസവും ശമ്ബളം ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) പുറത്തിറക്കി കോളജ് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വിളിച്ച ഉന്നതതല യോഗത്തിന്റെ തുടർനടപടിയായാണ് എസ്.ഒ.പി പുറത്തിറക്കിയത്. സർക്കാർ, എയ്ഡഡ് കോളജുകളില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിന് പരിഗണിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പ് ഒറ്റത്തവണ ഓണ്‍ലൈൻ രജിസ്ട്രേഷൻ നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം ഉദ്യോഗാർഥികള്‍ രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്ബർ നേടിയിരിക്കണം.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ www.collegiateedu.kerala.gov.in എന്ന വെബ്സൈറ്റില്‍ ലിങ്ക് ചെയ്ത പോർട്ടല്‍ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം നേടുന്ന അധികയോഗ്യതകള്‍ മാത്രം പിന്നീട് കൂട്ടി ചേർത്താല്‍ മതിയാകും. രജിസ്ട്രേഷന് ശേഷം അഞ്ച് മേഖലാ ഡെപ്യൂട്ടി ഡയറക്ടേററ്റുകളില് ഏതെങ്കിലും ഒന്നില്‍ ഹാജരായി ഉദ്യോഗാർഥികള്‍ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കണം. പരിശോധന പൂർത്തിയാക്കുന്നവർക്ക് ഗെസ്റ്റ് അധ്യാപക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷൻ ലഭിക്കുന്നവർക്ക് സർക്കാർ, എയ്ഡഡ് കോളജുകളില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാം