അടൂർ: പത്തനംതിട്ട അടൂരില്‍ ബസ് അപകടത്തില്‍പെട്ട് പത്തിലേറെ ആളുകള്‍ക്ക് പരിക്ക്. അടൂരില്‍ നിന്ന് കായംകുളത്തേക്ക് പോയ ഹരിശ്രി എന്ന സ്വകാര്യ ബസാണ് പഴകുളത്തുവച്ച് അപകടത്തില്‍ പെട്ടത്. അപകട സമയം, സ്കൂള്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. നിയന്ത്രണംവിട്ട ബസ് റോഡിന്റെ വലത് വശത്തെ ഇലക്ട്രിക് പോസ്റ്റിലിഡിച്ച് സമീപത്തെ ഓടയിലേക്കു ചരിയുകയായിരുന്നു. കാല്‍നട യാത്രക്കാരനടക്കം 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
അപകട ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു. പരിക്കേറ്റവരെ അടൂർ ജനറല്‍ ആശുപത്രിയിലും, സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റ കാല്‍നട യാത്രക്കാരനെ കോട്ടയം മെഡിക്കല്‍ കോളേജിയേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റുള്ള ആർക്കും കാര്യമായ പരിക്കില്ലെന്നാണ് വിവരം. പരിക്കേറ്റവരില്‍ കൂടുതലും സ്കൂള്‍ വിദ്യാർത്ഥികളാണ്. ഓട്ടത്തില്‍ തകരാർ സംഭവിച്ച ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പ്രഥമിക വിലയിരുത്തല്‍. അതേസമയം, ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.