കൊല്ലം: അഷ്ടമുടിക്കായലിലെ കടവൂർ, ഷാപ്പുമുക്ക്, കുതിരക്കടവ്, മണ്ണാശേരി കായല്‍വാരം, കണ്ടച്ചിറ എന്നിവിടങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചെയോടെയാണ് പ്രദേശവാസികള്‍ സംഭവം കാണുന്നത്. ശനിയാഴ്ച രാത്രിയില്‍ കടവൂർ മങ്ങാട് പാലത്തിന് സമീപവും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. വിവരമറിഞ്ഞ് രാവിലെ കണ്ടച്ചിറ, കടവൂർ, കുതിരക്കടവ് ഭാഗങ്ങളില്‍ ഫിഷറീസ് വകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ് അധികൃതരെത്തി വെള്ളത്തിന്റെയും മത്സ്യങ്ങളുടെയും സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ, ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവരും സ്ഥലത്തെത്തി. ചത്തുപൊങ്ങി തീരത്തടിഞ്ഞ മത്സ്യങ്ങളില്‍ 90 ശതമാനവും വട്ടമത്തി എന്ന ഇനത്തില്‍പ്പെട്ട മത്സ്യമാണ്. ഇവയ്ക്ക് പുറമേ കരിമീൻ, നന്തല് എന്നിവയും തീരത്തടിഞ്ഞു. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കൃത്യമായി കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. മാലിന്യങ്ങള്‍ തള്ളുന്നത് മൂലമാകാം മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മത്സ്യങ്ങള്‍ അടിഞ്ഞ ഭാഗത്ത് ഫിഷറീസ് വകുപ്പ് അധികൃതർ ബോട്ടിലെത്തി പരിശോധിച്ചു. എല്ലാ മേഖലയില്‍ നിന്നും വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്ബിളുകള്‍ ശേഖരിച്ചു. വെള്ളത്തിന് നിറവ്യത്യാസമുണ്ടായിരുന്നു. മത്സ്യങ്ങള്‍ ചീഞ്ഞ് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ ഉച്ചയ്ക്ക് കോർപ്പറേഷന്റെ ജെ.സി.ബി. എത്തിച്ച് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഇവ നീക്കം ചെയ്തു സംസ്കരിച്ചു. അതേസമയം കറവെള്ളം (ആല്‍ഗ ബ്ലൂം) എന്ന പ്രതിഭാസം കാരണമാകാം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന് സംശയിക്കുന്നതായി ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.
കറവെള്ളം ഉണ്ടാകുന്ന സമയത്ത് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുമ്ബോള്‍ മത്സ്യങ്ങള്‍ മയക്കത്തിലാവുകയും അളവ് പരമാവധിയിലും താഴെയെത്തുമ്ബോള് ഇവ കൂട്ടത്തോടെ ചത്ത് പൊങ്ങുകയും ചെയ്യും. ശാസ്ത്രീയ പരിശോധനാഫലം വന്നെങ്കില്‍ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.